അഴിമതി കേസിൽ തനിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കാൻ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തൻ്റെ അനുയായികളോട് അഭ്യർത്ഥിച്ചു. തോഷഖാന -2 അഴിമതി കേസിൽ ശനിയാഴ്ച ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി 17 വർഷം വീതം തടവ് ശിക്ഷ വിധിച്ചു.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73 -കാരനായ ഖാൻ, 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. തോഷഖാന -2 കേസിൽ, 2021ൽ സൗദി സർക്കാരിൽ നിന്ന് മുൻ ആദ്യ ദമ്പതികൾക്ക് ലഭിച്ച സമ്മാനങ്ങളിലെ തട്ടിപ്പ് ഉൾപ്പെടുന്നു.
“സൈനിക ശൈലിയിലുള്ള വിചാരണ തീരുമാനത്തിന്” ശേഷം അഡിയാല ജയിലിലെ തൻ്റെ അഭിഭാഷകരുമായി നടത്തിയ സംഭാഷണത്തിൽ, തീരുമാനത്തിന് ശേഷം പ്രതിഷേധിക്കാൻ ഖാൻ തൻ്റെ അനുയായികളോട് അഭ്യർത്ഥിച്ചതായി ഖാൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
ജയിലിൽ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ഖാൻ്റെ പ്രവേശനമില്ലാത്തതിനാൽ, അദ്ദേഹത്തിൻ്റെ സ്വകാര്യ അക്കൗണ്ടിൽ ആരാണ് സംഭാഷണം പോസ്റ്റ് ചെയ്തതെന്ന് അറിയില്ല.
“തെരുവു സമരത്തിന് തയ്യാറെടുക്കാൻ ഞാൻ (ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി) സൊഹൈൽ അഫ്രീദിക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്. മുഴുവൻ രാഷ്ട്രവും അവരുടെ അവകാശങ്ങൾക്കായി എഴുന്നേറ്റു നിൽക്കേണ്ടി വരും,” -അദ്ദേഹം പറഞ്ഞു, “സമരം ആരാധനയാണ്, പാകിസ്ഥാൻ്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം സ്വീകരിക്കാൻ പോലും ഞാൻ തയ്യാറാണ്!” -അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വിധി അപ്രതീക്ഷിതമല്ലെന്ന് അദ്ദേഹം വാദിച്ചു. തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തൻ്റെ നിയമ സംഘത്തോട് ആവശ്യപ്പെട്ടു.
“കഴിഞ്ഞ മൂന്ന് വർഷത്തെ അടിസ്ഥാന രഹിതമായ തീരുമാനങ്ങളെയും ശിക്ഷകളെയും പോലെ, തോഷഖാന-II തീരുമാനവും എനിക്ക് പുതുമയുള്ളതല്ല. യാതൊരു തെളിവുമില്ലാതെയും നിയമപരമായ ആവശ്യകതകൾ പാലിക്കാതെയും ജഡ്ജി തിടുക്കത്തിൽ ഈ തീരുമാനം എടുത്തതാണ്,” -അദ്ദേഹം പറഞ്ഞു, തൻ്റെ നിയമസംഘത്തെ “കേൾക്കാൻ പോലും കഴിഞ്ഞില്ല” -എന്ന് കൂട്ടിച്ചേർത്തു.
തൻ്റെ പാകിസ്ഥാൻ തെഹ്രീക്- ഇ- ഇൻസാഫിൻ്റെ അഭിഭാഷകരുടെ കൂട്ടായ്മയായ ഇൻസാഫ് ലോയേഴ്സ് ഫോറവും നിയമ സമൂഹവും നീതിക്കായി മുന്നോട്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
“നിയമത്തിൻ്റെ മേൽക്കോയ്മ സ്ഥാപിക്കുന്നതിനും ഭരണഘടന പുനഃസ്ഥാപിക്കുന്നതിനുമുള്ള പോരാട്ടത്തിന്, ജസ്റ്റിസ് ലോയേഴ്സ് ഫോറവും അഭിഭാഷക മുന്നണിയും മുന്നിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. നീതിന്യായ വ്യവസ്ഥക്ക് മാത്രമേ ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂ. അതില്ലാതെ സാമ്പത്തിക പുരോഗതിയോ ധാർമ്മിക വികസനമോ സാധ്യമല്ല,” അദ്ദേഹം പറഞ്ഞു.
തന്നെ കസ്റ്റഡിയിലെടുത്തതിന് സൈനിക നേതൃത്വത്തെയും അദ്ദേഹം ലക്ഷ്യം വച്ചു. എന്നാൽ അതേ രീതിയിൽ തന്നെ “സൈന്യം എൻ്റെതാണ്” എന്ന് പറഞ്ഞു. സായുധ സേനയുടെ ഉന്നത നേതൃത്വത്തെ ആക്രമിക്കുന്നതിനൊപ്പം അവരുടെ പിന്തുണ നേടാനുള്ള തൻ്റെ ശ്രമം കാണിക്കുന്നു.
തങ്ങളെ ഏകാന്ത തടവിൽ പാർപ്പിച്ചുകൊണ്ട് താനും ഭാര്യയും നിരന്തരം മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഖാൻ ആരോപിച്ചു.
“പുസ്തകങ്ങൾക്കും, ടിവിക്കും, മീറ്റിംഗുകൾക്കും നിരോധനമുണ്ട്. ജയിലിലുള്ള എല്ലാ തടവുകാർക്കും ടിവി കാണാൻ കഴിയും. പക്ഷേ എനിക്കും ബീബി ബുഷ്റക്കും ടിവി കാണുന്നത് പോലും നിരോധിച്ചിരിക്കുന്നു,” -അദ്ദേഹം ആരോപിച്ചു. -പിടിഐ.



