ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ പൊലീസ്. ഹൈഫയിലെ വാദി അൽ നിസ്നാസ് പ്രദേശത്താണ് സംഭവം നടന്നത്. സാന്റാ ക്ലോസ് വേഷം ധരിച്ചിരുന്ന യുവാക്കളെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പലസ്തീനിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തിന് നേരെ വിവിധയിടങ്ങളിൽ അതിക്രമങ്ങൾ നടന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസാബല്ല, ക്രിസ്ത്യൻ സമൂഹത്തിന് ആശംസകളുമായി യേശുവിന്റെ ജന്മസ്ഥലവും പലസ്തീനിലെ ക്രിസ്ത്യൻ സ്വത്വത്തിന്റെ പ്രതീകവുമായ ബേത്ലഹേമിലെ മാംഗർ സ്ക്വയറിലെത്തി. ക്രിസ്ത്യാനികളും മുസ്ലിംകളും ഉൾപ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
“ഈ വർഷത്തെ ക്രിസ്മസ് സന്ദേശം കഷ്ടപ്പാടുകളെയും സഹനത്തെയും വിട്ടുനിർത്താനാവാത്തതാണ്. നാം വെളിച്ചമാകാൻ തീരുമാനിക്കണം. ബെത്ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണ്,” എന്നാണ് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞത്.



