...
Home News Kerala തിരുവനന്തപുരം കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇടത് മുന്നണി യോഗത്തിൽ വിമർശനം ഉണ്ടായെന്ന വാർത്തകൾക്ക് അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

178

തിരുവനന്തപുരം കോർപ്പറേഷനിലെ ഇ-ബസ് വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഇ-ബസുകൾ നഗരപരിധിക്കുള്ളിൽ മാത്രമായി ഓടിക്കണമെന്നും, നിലവിൽ നഗരത്തിന് പുറത്തേക്ക് പോയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.

തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധിയെ സിപിഐഎം മാനിക്കുന്നുവെന്നും, പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. “പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്” എന്ന് പറഞ്ഞ മന്ത്രി, വിഷയങ്ങളിൽ ആവശ്യമുള്ളപ്പോൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സൂചന നൽകി. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ സംസ്ഥാനത്തിനും നഗരത്തിനും ആവശ്യങ്ങൾ ഉന്നയിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തെരുവുനായ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് മേയർ കേന്ദ്രസർക്കാരിന് കത്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇടത് മുന്നണി യോഗത്തിൽ വിമർശനം ഉണ്ടായെന്ന വാർത്തകൾക്ക് അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് അവകാശപ്പെട്ട ഫണ്ടാണ് ആവശ്യപ്പെടുന്നതെന്നും, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വികാരമുണ്ടെന്ന തരത്തിലുള്ള ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ യാതൊരു വികാരവുമില്ലെന്നും, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തിരിച്ചടി ആരുടെയെങ്കിലും വീഴ്ച മൂലമല്ലെന്നും, രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെ ചിലർ നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണിതെന്നും മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.