നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ നാലു മന്ത്രിമാരെയും മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡമാക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്നും സിപിഐ നേതൃത്വം വ്യക്തമാക്കുന്നു. മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, പി. പ്രസാദ് എന്നിവര്‍ വീണ്ടും മത്സരിക്കും. നിലവിലെ മണ്ഡലം മാറ്റിയാലും ജെ. ചിഞ്ചുറാണിയെ വീണ്ടും മത്സരിപ്പിക്കാനുള്ള ആലോചനയും പാര്‍ട്ടിക്കുള്ളിലുണ്ട്.
അതേസമയം, മൂന്ന് ടേം പൂര്‍ത്തിയാക്കിയ ആറ് എംഎല്‍എമാര്‍ ഇത്തവണ മാറിയേക്കുമെന്ന സൂചനകളും ശക്തമാണ്. തുടര്‍ച്ചയായ വിജയപരമ്പരയുള്ളവരെ ഒഴിവാക്കി പുതിയ മുഖങ്ങളെ രംഗത്തിറക്കാനുള്ള സാധ്യതകളും സിപിഐ പരിശോധിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രകടനം മോശമായ മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സിപിഐയുടെ നേതൃയോഗങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.
ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോട്ടയം ഡിസിസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുന്ന ഈ നിര്‍ദ്ദേശം യുഡിഎഫ് ക്യാമ്പിനുള്ളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.



