ജീവിതത്തിലെ കടുത്ത പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്നവരെയും കൈവിട്ട് പോയവരെയും കുറിച്ച് നടി ഭാവന തുറന്നു സംസാരിച്ചു. കുടുംബവും സുഹൃത്തുക്കളും പോലെ തന്നെ പ്രേക്ഷകരും തനിക്കൊപ്പം നിന്നുവെന്ന് ഭാവന പറഞ്ഞു. അതേസമയം, കൂടെ നിൽക്കുമെന്ന് കരുതിയ ചിലർ കേസിന്റെ സമയത്ത് മൊഴി മാറ്റിയതായും നടി വെളിപ്പെടുത്തി.
പുതിയ ചിത്രം അനോമിയുടെ പ്രമോഷന്റെ ഭാഗമായി എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഭാവനയുടെ പ്രതികരണം. കേസിന്റെ സമയത്ത് ഒപ്പം നിൽക്കും എന്ന് കരുതിയവരിൽ ചിലർ മാറിനിന്നതും അപ്രതീക്ഷിതമായി ചിലർ പിന്തുണച്ചതുമുണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഭാവന മറുപടി നൽകിയത്.
ഇത്തരമൊരു തീരുമാനമെടുക്കുമ്പോൾ ആരൊക്കെ ഒപ്പം ഉണ്ടാകും, ആരൊക്കെ മാറിനിൽക്കും എന്നതിനെക്കുറിച്ച് താൻ ആലോചിച്ചിരുന്നില്ലെന്നും, ശരിയെന്ന് തോന്നിയ വഴിയിലൂടെയാണ് മുന്നോട്ട് പോയതെന്നും ഭാവന പറഞ്ഞു. വളരെ അടുത്ത ചിലർ ശക്തമായി പിന്തുണച്ചതും, അധികം പരിചയമില്ലാത്തവരിൽ നിന്നുള്ള പിന്തുണ അത്ഭുതപ്പെടുത്തിയതായും നടി വ്യക്തമാക്കി. ചില സാക്ഷികൾ മൊഴി മാറ്റിയതിൽ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വലിയ ഞെട്ടലില്ലെന്നും, അത് അവരുടെ തീരുമാനമായിരുന്നുവെന്നും ഭാവന കൂട്ടിച്ചേർത്തു.



