ആഗോള വിമാന എൻജിൻ നിർമ്മാണ ഭീമനായ റോൾസ് റോയ്സ് ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു. കമ്പനിയുടെ സിഇഒ തുഫാൻ എർജിൻ ബിൽഗിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഈ തന്ത്രപ്രധാനമായ നീക്കം. ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാനങ്ങൾക്കായി അത്യാധുനിക എൻജിനുകൾ സംയുക്തമായി വികസിപ്പിക്കാൻ റോൾസ് റോയ്സ് സന്നദ്ധത അറിയിച്ചു. ഇതിൻ്റെ പൂർണമായ ബൗദ്ധിക സ്വത്തവകാശം (Full Intellectual Property Rights) ഇന്ത്യക്ക് കൈമാറുമെന്നതാണ് ഈ വാഗ്ദാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത.
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ അഡ്വാൻസ്ഡ് മീഡിയം കോബാറ്റ് എയർക്രാഫ്റ്റ് (AMCA) പദ്ധതിക്ക് വേണ്ടിയുള്ള 120 കിലോ ന്യൂട്ടൺ ശേഷിയുള്ള എൻജിൻ കോർ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയുടെ ജാഗ്വാർ യുദ്ധവിമാനങ്ങൾ, ഹോക്ക് ട്രെയിനറുകൾ, അർജുൻ ടാങ്കുകൾ എന്നിവയിലായി 1,400-ലധികം റോൾസ് റോയ്സ് എൻജിനുകൾ പ്രവർത്തിക്കുന്നുണ്ട്. സാങ്കേതികവിദ്യ പൂർണമായും കൈമാറുന്നതിലൂടെ എൻജിനുകളുടെ ഡിസൈൻ, നിർമ്മാണം, പരീക്ഷണം എന്നിവയിൽ ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് പങ്കാളികളാകാനും എൻജിൻ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.
ഈ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിൻ്റെ ഇരട്ടിയാക്കി 10,000 ആയി വർദ്ധിപ്പിക്കാൻ റോൾസ് റോയ്സ് ലക്ഷ്യമിടുന്നു. ഇന്ത്യയെ തങ്ങളുടെ ഹൈടെക് നിർമ്മാണ മേഖലയുടെ ആഗോള ഹബ്ബാക്കി മാറ്റാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി പ്രാദേശിക സപ്ലൈ ചെയിൻ സോഴ്സിംഗ് പത്തിരട്ടി വർദ്ധിപ്പിക്കുകയും പുതിയ ഡിസൈൻ സമുച്ചയങ്ങളും നിർമ്മാണ യൂണിറ്റുകളും ഇന്ത്യയിൽ ആരംഭിക്കുകയും ചെയ്യും. പ്രധാനമന്ത്രിക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും സിഇഒ ചർച്ചകൾ നടത്തിയിരുന്നു.
അടുത്ത തലമുറ യുദ്ധവിമാന എൻജിനുകൾക്കായി ഡിആർഡിഒ (DRDO) താൽപ്പര്യപത്രം ക്ഷണിച്ച ഈ പദ്ധതിയിൽ റോൾസ് റോയ്സിനെ കൂടാതെ അമേരിക്കയിലെ ജനറൽ ഇലക്ട്രിക്, ഫ്രാൻസിലെ സാഫ്രാൻ, ജപ്പാനിലെ ഐഎച്ച്ഐ എന്നീ കമ്പനികളും മത്സരരംഗത്തുണ്ട്. നിലവിൽ ഫ്രാൻസുമായുള്ള ശക്തമായ സഹകരണം കണക്കിലെടുത്ത് സാഫ്രാൻ (Safran) എന്ന കമ്പനിക്കാണ് മുൻതൂക്കം ലഭിക്കുമെന്ന് കരുതപ്പെടുന്നത്. സാഫ്രാനും എൻജിൻ്റെ പൂർണ സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശവും ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വന്തമായി ഒരു ഏവിയേഷൻ എക്കോസിസ്റ്റം വികസിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ സഹകരണങ്ങൾ നിർണായകമാകും. നിലവിൽ തദ്ദേശീയ യുദ്ധവിമാനമായ തേജസിന് പോലും എൻജിനുകൾ ഇറക്കുമതി ചെയ്യുകയാണ്. വരും വർഷങ്ങളിൽ നിർമ്മിക്കാനിരിക്കുന്ന 500-ലധികം വിമാനങ്ങൾക്കായി എൻജിനുകളുടെ ലഭ്യത ഉറപ്പാക്കാൻ ഈ ഉടമസ്ഥാവകാശം ഇന്ത്യയെ സഹായിക്കും.



