ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തന്ത്രപ്രധാനമായ നീക്കത്തിന് പിന്നാലെ, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ആണവോർജ കമ്പനിയുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. കേന്ദ്ര സർക്കാർ ‘ശാന്തി’ (SHANTI) ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ആണ് അദാനി ഗ്രൂപ്പ് ഈ പുതിയ സംരംഭം പ്രഖ്യാപിച്ചത്. രാജ്യത്തെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ഒന്നായിട്ടാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
അദാനി പവറിന് കീഴിൽ ‘അദാനി ആറ്റമിക് എനർജി ലിമിറ്റഡ്’ (AAEL) എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ആണവോർജ ഉൽപ്പാദനത്തിലും അനുബന്ധ മേഖലകളിലും നിക്ഷേപം നടത്തുന്നതിനായാണ് ഈ കമ്പനി രൂപീകരിച്ചിട്ടുള്ളതെന്ന് അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആണവോർജ രംഗത്തേക്ക് ചുവടുവെക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ സ്ഥാപനമായി അദാനി ഗ്രൂപ്പ് മാറി.
‘സസ്റ്റെയ്നബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിങ്’ (SHANTI) ബിൽ ലോക്സഭ പാസാക്കിയതോടെ ആണ് സ്വകാര്യ മേഖലയ്ക്ക് ഈ രംഗത്ത് വഴിതുറന്നത്. രണ്ട് മാസം മുമ്പാണ് ഈ ബിൽ സഭയുടെ അംഗീകാരം നേടിയത്. ആണവോർജ രംഗത്ത് വലിയ നിക്ഷേപങ്ങളും മാറ്റങ്ങളും ലക്ഷ്യമിടുന്ന ഈ ബിൽ പാസായ ഉടനെ തന്നെ അദാനി ഗ്രൂപ്പ് ഈ മേഖലയിലേക്ക് പ്രവേശിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
പുതിയ കമ്പനിയുടെ രൂപീകരണം രാഷ്ട്രീയമായ വലിയ വാദപ്രതിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബിൽ പാസാക്കിയതും അദാനി ഗ്രൂപ്പ് കമ്പനി തുടങ്ങിയതും തമ്മിലുള്ള സമയക്രമം യാദൃച്ഛികമാണോ എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദ്യം ചെയ്തു. എന്നാൽ, ഏതെങ്കിലും ഒരു കമ്പനിയെ സഹായിക്കാനല്ല ഈ മാറ്റം കൊണ്ടുവന്നതെന്നും രാജ്യത്തിൻ്റെ ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്താണ് നീക്കമെന്നും ആണവോർജ മന്ത്രി ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി.
ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. എന്നിരുന്നാലും, ബില്ലിൽ നഷ്ടപരിഹാര ബാധ്യതകൾ സംബന്ധിച്ച ചില ഭാഗങ്ങളിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.



