ഇറാനുമായുള്ള സൈനിക സംഘർഷ സാധ്യതകൾ വർധിക്കുന്നതിനിടെ, ശത്രുക്കളുടെ ഭൂഗർഭ താവളങ്ങൾ തുളച്ചുകയറി തകർക്കാൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ കൂടുതൽ സംഭരിക്കാൻ അമേരിക്കൻ വ്യോമസേന തീരുമാനിച്ചു. ഇതിനായി പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗുമായി യുഎസ് വ്യോമസേന കരാർ ഒപ്പിട്ടുകഴിഞ്ഞു. 2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങളിൽ ഉപയോഗിച്ച അതേ ബോംബുകളാണ് യുഎസ് സൈന്യം വീണ്ടും വാങ്ങി ശേഖരിക്കുന്നത് എന്നത് മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായ മാസീവ് ഓർഡനൻസ് പെനട്രേറ്റർ (MOP) അഥവാ ജിബിയു-57 എന്ന ഭീമൻ ബോംബാണ് അമേരിക്കയുടെ കരുത്ത്. ഏകദേശം 3,000 കിലോഗ്രാമിലധികം ഭാരമുള്ള ഈ ഗൈഡഡ് ബോംബ് ഭൂമിക്കടിയിലുള്ള ശത്രുതാവളങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ കട്ടിയേറിയ സ്റ്റീൽ ആവരണം കാരണം, പൊട്ടിത്തെറിക്കുന്നതിന് മുൻപ് പാറക്കെട്ടുകൾക്കിടയിലൂടെ 200 അടി ആഴത്തിൽ വരെ തുളച്ചുകയറാൻ ഇവയ്ക്ക് സാധിക്കും. ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ലബോറട്ടറികളും ബങ്കറുകളും തകർക്കാൻ മറ്റ് ആയുധങ്ങളെക്കാൾ കൃത്യതയും ശേഷിയും ഇവയ്ക്കുണ്ട്.
യുഎസ് വ്യോമസേനയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളിൽ (B-2 Spirit stealth bombers) നിന്നാണ് സാധാരണയായി ഈ ബോംബുകൾ വർഷിക്കുന്നത്. തുളച്ചുകയറിയ ശേഷം മാത്രം സ്ഫോടനം നടത്തുന്ന ഈ അത്യാധുനിക ആയുധം നിർമ്മിക്കുന്ന ഏക കമ്പനി ബോയിംഗ് ആയതിനാലാണ് മറ്റ് ടെൻഡറുകൾ വിളിക്കാതെ അവർക്ക് തന്നെ കരാർ നൽകിയത്. കരാർ വൈകുന്നത് സൈന്യത്തിന്റെ യുദ്ധസജ്ജതയെ ബാധിക്കുമെന്നതിനാലാണ് ഈ നീക്കമെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 830 കോടിയിലധികം രൂപ (100 ദശലക്ഷം ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ജനുവരി മുതൽ ബോംബുകൾ കൈമാറി തുടങ്ങും. അമേരിക്കയുടെ ഗ്ലോബൽ സ്ട്രൈക്ക് കമാൻഡിന്റെ കരുത്ത് വർദ്ധിപ്പിക്കാനും തന്ത്രപ്രധാനമായ യുദ്ധപദ്ധതികൾക്ക് പിന്തുണ നൽകാനും ഈ പുതിയ ശേഖരം അത്യാവശ്യമാണെന്നാണ് യുഎസ് വ്യോമസേനയുടെ വിലയിരുത്തൽ. നിലവിലെ ആയുധ ശേഖരത്തിലുള്ള കുറവ് പരിഹരിക്കുക എന്നതാണ് ഈ പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.
സാധാരണയായി യുഎസ് 20 ജിബിയു-57 ബോംബുകളാണ് കരുതലായി സൂക്ഷിക്കാറുള്ളതെങ്കിലും, 2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇതിൽ 14 എണ്ണം ഉപയോഗിച്ചിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ഇപ്പോൾ തിടുക്കപ്പെട്ട് കരാർ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇറാനുമായി വീണ്ടും സംഘർഷം ഉണ്ടായേക്കാമെന്ന സാഹചര്യം നിലനിൽക്കെ, അമേരിക്കയുടെ പക്കൽ ബാക്കിയുള്ള ബോംബുകൾ ഇറാനെതിരെ പ്രയോഗിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.



