മുമ്പ് ചേരിചേരാ രാജ്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം മോദി ഭരണത്തിൽ തകർന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രധാനമന്ത്രി മോദി അമേരിക്കക്ക് മുന്നിൽ കീഴടങ്ങിയിരിക്കുക ആണെന്നും നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര കുറ്റവാളിയാണ് ഡോണാൾഡ് ട്രംപ്. എന്നാൽ അത് തുറന്നു പറയാൻ മോദിയ്ക്കക്ക് ആകുന്നില്ല. അവർ അളിയനും മച്ചാനും കളിക്കുന്നു. കേരളത്തിൽ ജാഥ നടത്തുന്ന ചില പ്രാദേശിക നേതാക്കളും പച്ചക്കള്ളം പറയുന്ന കാര്യത്തിൽ മോദിയെ മാതൃക ആക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
എൽഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതും ജനക്ഷേമകരമായ ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാക്കുക എന്നതുമാണ് പാർട്ടിക്കക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ. പാർട്ടിയുടെ താൽപ്പര്യം എല്ലാ വ്യക്തി താൽപ്പര്യങ്ങൾക്കും മുകളിലായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ പ്രാധാന്യത്തേക്കാൾ ജനങ്ങളെ അണിനിരത്തി പാർട്ടിയുടെ ബഹുജന സ്വാധീനം വർദ്ധിപ്പിക്കുന്നതിലാണ് സഖാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യം നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ആർഎസ്എസിൻ്റെ ‘പോസ്റ്റർ ബോയ്’ എന്ന് വിശേഷിപ്പിച്ച ബേബി, അദ്ദേഹം പരസ്യമായി വംശഹത്യക്ക് ആഹ്വാനം നടത്തുകയാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചു.
ഇത്തരം ലംഘനങ്ങളിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിന്റെ തകർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കൾ ഭാവിയിൽ ബിജെപിയിലേക്ക് ചേക്കേറുന്ന കാലമാണിതെന്നും പല ദേശീയ വിഷയങ്ങളിലും കോൺഗ്രസ് നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മോദി- അമിത് ഷാ കൂട്ടുകെട്ടിൻ്റെയും നാഗ്പൂരിൻ്റെയും താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് കേരളത്തിന് തന്നെ നാണകേടാണെന്നും അദ്ദേഹം പറഞ്ഞു
എൽഡിഎഫിന് അഭിമാനകരമായ വിജയം ഉറപ്പാക്കാൻ ഓരോ സഖാക്കളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും വ്യക്തിപരമായ സമീപനങ്ങൾക്ക് അപ്പുറം മുന്നണിയെ ശക്തിപ്പെടുത്തുന്ന വാക്കും പ്രവൃത്തിയും ഓരോരുത്തരിലും ഉണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



