അഫ്‌ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനേഴുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്‌ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും അറിയിച്ചിരുന്നു.
നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. രാജ്യത്തിനുള്ളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താൻ ആക്രമണം നടത്താനുള്ള നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
തെഹ്രീക്- ഇ- താലിബാൻ പാകിസ്താൻ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാൻ്റെയും അതിൻ്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൻ്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.
ടോളോ ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം, പാകിസ്താൻ വ്യോമസേന ജെറ്റുകൾ അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി പറയുന്നുണ്ട്. നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലും ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്‌സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാകിസ്താൻ മിന്നലാക്രമണം നടത്തിയത്.
ഖൈബർ പഖ്തുൻഖ്വയിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ. ആക്രമണകാരി അഫ്‌ഗാൻ പൗരനാണെന്ന് അധികൃതർ പിന്നീട് പറഞ്ഞു. അതിർത്തി ഓപ്പറേഷന് മണിക്കൂറുകൾക്ക് മുമ്പ് ബന്നു ജില്ലയിലെ സുരക്ഷാ വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് മറ്റൊരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്‌ചത്തെ അക്രമണത്തിന് ശേഷം ഒരു സംയമനവും പാലിക്കില്ലെന്ന് പാകിസ്‌താൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം ആദ്യം ഇസ്ലാമാബാദിലെ ഷിയാ പള്ളിയിൽ നടന്ന ചാവേർ ബോംബാക്രമണം ഉൾപ്പെടെയുള്ള സമീപകാല ആക്രമണങ്ങൾ അഫ്‌ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുടെ നിർദ്ദേശപ്രകാരം നടത്തിയതാണെന്നും നിർണായക തെളിവുകൾ ഉണ്ടെന്നും പാകിസ്താൻ പറഞ്ഞിരുന്നു.
ഒക്ടോബർ മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായി തുടരുകയാണ്. അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് സൈനികരും, സാധാരണക്കാരും കൊല്ലപ്പെട്ടു. ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ഏറെക്കുറെ പൂർത്തിയായെങ്കിലും, ഇസ്താംബൂളിൽ നടന്ന ചർച്ചകൾ ഔപചാരിക കരാറിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടിരുന്നു.



