കെ.എസ്.യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധം കനത്തു. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി. ഇരുവിഭാഗങ്ങളും തമ്മിൽ പോർവിളിയും ഏറ്റുമുട്ടലും ഉണ്ടായി. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ഇരുപ്രവർത്തകർക്ക് നേരെയും ലാത്തി വീശി. അരമണിക്കൂറോളം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.
മന്ത്രിയെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ മാർച്ച് ഡിസിസി ഓഫീസിലേക്ക് എത്തവേ പൊലീസ് പ്രവർത്തകരെ തടയുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
വടി ഉപയോഗിച്ചു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത് പിന്നീട് വാക്കേറ്റം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. പരസ്പരം കല്ലേറും ഇതേസമയം നടന്നു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തർക്കും എസ്.എഫ്.ഐ പ്രവർത്തകർക്കും പരുക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
അതേസമയം, കെഎസ്യു ആക്രമണത്തിൽ കഴുത്തിന് പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീണാ ജോർജിനെ ആശുപത്രിയിൽ എത്തി കണ്ടു. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരെ മറികടന്നായിരുന്നു കെ.എസ്.യു പ്രവർത്തകർ, മന്ത്രിക്ക് നേരെ ആക്രമിക്കാൻ അടുത്തെത്തിയത്.























