മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന് മിഡിൽ ഈസ്റ്റിനെ കുറിച്ചുള്ള ഒരു പ്രസ്‌താവനയിൽ യുഎൻ മേധാവി പറഞ്ഞു.
മിഡിൽ ഈസ്റ്റിലും അതിനപ്പുറത്തുമുള്ള മേഖലയിലുടനീളം നടക്കുന്ന നിയമ വിരുദ്ധമായ ആക്രമണങ്ങൾ സാധാരണക്കാർക്ക് വലിയ തോതിലുള്ള ദുരിതങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥക്ക്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നുവെന്നും ഗുട്ടെറസ് വ്യക്തമാക്കി. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അപകട സാധ്യതകൾ ഇതിലും വലുതാകാനില്ല എന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ ഇറാൻ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കക്ക് ഇറാൻ്റ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റ സായുധ സേന അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കിയ അദ്ദേഹം തങ്ങൾ തയ്യാറാണെന്നും പറഞ്ഞു. ഇറാൻ്റ ധീരരായ സായുധ സേന യുഎസ് സൈനികരെ കാത്തിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റ പ്രസ്‌താവന.























