ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ (JF-17 Thunder) യുദ്ധവിമാനങ്ങൾ വാങ്ങി നൈജീരിയൻ വ്യോമസേന വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. 2021-ൽ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളിൽ നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ബാക്കി രണ്ട് വിമാനങ്ങളും വിവിധ സാങ്കേതിക തകരാറുകൾ മൂലം നിലത്തിറക്കിയിരിക്കുകയാണ്. വിമാനത്തിന്റെ റഡാർ സംവിധാനം, ഏവിയോണിക്സ്, പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകൾ എന്നിവയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇത് ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള വിമാനത്തിന്റെ ശേഷിയെ ബാധിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിമാനത്തിന്റെ ഘടനാപരമായ തകരാറുകളാണ് നൈജീരിയയെ പ്രധാനമായും ആശങ്കയിലാക്കുന്നത്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളുടെ എയർഫ്രെയിമിലും ചിറകുകൾക്ക് താഴെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. കൂടാതെ, വിമാനങ്ങൾ തമ്മിലും കമാൻഡ് സെന്ററുമായും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ലിങ്ക്-17 (Link-17) ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാൽ തത്സമയ ആശയവിനിമയവും സാധ്യമാകുന്നില്ല. ഇത് ചെറിയൊരു വിമാനവ്യൂഹത്തെ പരിപാലിക്കുന്നത് പോലും നൈജീരിയയ്ക്ക് വലിയ ബാധ്യതയാക്കി മാറ്റിയിരിക്കുകയാണ്.
എഞ്ചിന്റെ വിശ്വാസ്യതയില്ലായ്മയും അറ്റകുറ്റപ്പണികളിലെ കാലതാമസവുമാണ് വിമാനങ്ങൾ നിലത്തിറക്കാൻ ഇടയാക്കിയ മറ്റൊരു കാരണം. വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന റഷ്യൻ നിർമ്മിത ക്ലിമോവ് ആർ.ഡി-93 (Klimov RD-93) എഞ്ചിനുകൾ പരാജയമാണെന്ന് തെളിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനുപുറമെ, ആവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ് കാരണം അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഇതോടെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ വിമാനങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയിലാണ്.
പാശ്ചാത്യ രാജ്യങ്ങളിലെ വിലകൂടിയ യുദ്ധവിമാനങ്ങൾക്ക് പകരമായി കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒന്നായാണ് ജെ.എഫ്-17 ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ നൈജീരിയ നേരിടുന്ന ഈ പ്രതിസന്ധികൾ ഈ ചൈനീസ്-പാക് പദ്ധതിയുടെ വിശ്വാസ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചോദ്യങ്ങൾ ഉയർത്താൻ കാരണമായിട്ടുണ്ട്. നൈജീരിയയെ കൂടാതെ മ്യാന്മർ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നുണ്ടെങ്കിലും, നിലവാരമില്ലാത്ത സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾക്ക് നൽകി ചൈന ചതിക്കുകയാണെന്ന ആരോപണവും ഇതിനിടെ ശക്തമാകുന്നുണ്ട്.























