ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ സാമ്പത്തിക രംഗത്തും വൻ കുതിപ്പ് നടത്തുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ സഞ്ജുവിന്റെ ആകെ ആസ്തി 100 കോടി രൂപയിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപിഎൽ 2026 സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഏകദേശം 24.23 കോടി രൂപ താരത്തിന്റെ കൈകളിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ നട്ടെല്ലായി മാറിയ സഞ്ജു ടൂർണമെന്റിലെ താരമായും (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ താരം മൂന്ന് അർധ സെഞ്ചുറികളുമായാണ് ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ചത്. സഞ്ജുവിന്റെ ഈ അസാമാന്യ പ്രകടനം അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്.
ബിസിസിഐയും ഐസിസിയും പ്രഖ്യാപിച്ച സമ്മാനത്തുകകൾ സഞ്ജുവിന്റെ വരുമാനം ഗണ്യമായി വർദ്ധിപ്പിച്ചു. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപയിൽ നിന്ന് ആറ് കോടി രൂപയാണ് ഓരോ അംഗത്തിനും ലഭിക്കുക. ഇതിനുപുറമെ, ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വകയിൽ ഐസിസിയിൽ നിന്ന് 23 ലക്ഷം രൂപ കൂടി സഞ്ജുവിന് ലഭിക്കും. ഇതോടെ ലോകകപ്പുമായി ബന്ധപ്പെട്ട വരുമാനം മാത്രം കോടികളായി ഉയർന്നു.
വരാനിരിക്കുന്ന ഐപിഎൽ സീസണിൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിന്റെ (CSK) ജേഴ്സിയിലാണ് കളിക്കുകയെന്നതാണ് മറ്റൊരു പ്രത്യേകത. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലേക്ക് ട്രേഡ് ചെയ്യപ്പെട്ട താരത്തിന് ഈ സീസണിൽ 18 കോടി രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഐപിഎൽ ശമ്പളവും ലോകകപ്പ് സമ്മാനത്തുകകളും ചേരുന്നതോടെയാണ് സഞ്ജുവിന്റെ അടുത്ത ഏതാനും മാസങ്ങളിലെ വരുമാനം 24.23 കോടിയിലേക്ക് ഉയരുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം 2026 മാർച്ചോടെ സഞ്ജു സാംസണിന്റെ മൊത്തം ആസ്തി 85 കോടി മുതൽ 100 കോടി രൂപ വരെയായി വർദ്ധിച്ചിട്ടുണ്ടെന്നാണ് ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പോടെ വർദ്ധിച്ച ജനപ്രീതിയും ബ്രാൻഡ് മൂല്യവും കൂടുതൽ വലിയ പരസ്യ കരാറുകളിലേക്ക് താരത്തെ എത്തിക്കാൻ സാധ്യതയുണ്ട്. കളിക്കളത്തിലെ മികവിനൊപ്പം സാമ്പത്തികമായും സഞ്ജു ഒരു ആഗോള സൂപ്പർ താരമായി വളരുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.























