നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. ‘കാസർകോട് കെഎം ഷാജി തന്നെ’ എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ ചില പ്രാദേശിക നേതാക്കളാണ് ഈ പ്രചാരണത്തിന് പിന്നിൽ. എന്നാൽ പാർട്ടി നേതൃത്വം ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പേ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് മണ്ഡലത്തിലെ യുഡിഎഫ് അണികൾക്കിടയിലും വോട്ടർമാർക്കിടയിലും വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.
മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാണക്കാട് തങ്ങന്മാരാണ്. എന്നാൽ കാസർകോട് മണ്ഡലത്തിൻ്റെ കാര്യത്തിൽ പാണക്കാട് നിന്നും ഇതുവരെ യാതൊരുവിധ ഉറപ്പും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ, ഷാജിയെ അനുകൂലിക്കുന്ന വിരലിലെണ്ണാവുന്ന ചില നേതാക്കൾ തങ്ങളാണ് മണ്ഡലത്തിലെ നിർണായക ശക്തികളെന്ന് വരുത്തി തീർക്കാൻ ബോധപൂർവം നടത്തുന്ന നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
കെഎം ഷാജി കാസർകോട് മത്സരിക്കരുത് എന്ന് ഒരു വിഭാഗം ആളുകൾ ആവർത്തിച്ചു പറയുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. ഇത് ഷാജി എന്ന വ്യക്തിയോടുള്ള എതിർപ്പല്ല, മറിച്ച് കാസർകോട്ടെ സങ്കീർണമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ അദ്ദേഹം എത്രത്തോളം അനുയോജ്യനാണ് എന്നതിലാണ് വിയോജിപ്പ്. പാണക്കാട് ആരെ നിർത്തിയാലും ജയിപ്പിക്കുമെന്ന് ലീഗ് അണികൾ അവകാശപ്പെടുമ്പോഴും മണ്ഡലത്തിലെ യാഥാർത്ഥ്യം മറ്റൊന്നാണ്.
കാസർകോട് മണ്ഡലത്തിൽ യുഡിഎഫിൻ്റെ വിജയം മുസ്ലിംലീഗിൻ്റെയോ യുഡിഎഫിൻ്റെയോ മാത്രം വോട്ടുകൾ കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. മറിച്ച് അവിടെ വിധി നിർണയിക്കുന്നത് ഇടതുപക്ഷ വോട്ടുകളും, സമസ്തയുടെ വോട്ടുകളും, നിഷ്പക്ഷ വോട്ടുകളുമാണ്. കൂടാതെ സ്ഥാനാർത്ഥിയുടെ പ്രാദേശികമായ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വോട്ടുകളും നിർണായകമാണ്. എന്നാൽ കെഎം ഷാജിയുടെ കാര്യത്തിൽ ഈ വിഭാഗങ്ങളിലെല്ലാം വലിയ തോതിലുള്ള വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്. ഇത് കേവലം അനുമാനമല്ല, മറിച്ച് ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.
യുഡിഎഫിന് വലിയ ഭൂരിപക്ഷം നൽകുന്ന ചെങ്കള പഞ്ചായത്തിൽ പോലും ഷാജിയുടെ സ്ഥാനാർത്ഥിത്വത്തോട് വിയോജിക്കുന്നവരുടെ എണ്ണം ഏറുകയാണ്. ചെങ്കളയിലെ പല വോട്ടർമാരും ഷാജിയോടുള്ള തങ്ങളുടെ വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പരിശോധിച്ചാലും ഭൂരിഭാഗം ആളുകളും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെക്കുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കാസർകോട് എന്നത് ഈ ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നു.
മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാസർകോട് യുഡിഎഫ് പരാജയപ്പെട്ടാൽ അവിടെ വിജയിക്കുന്നത് ഇടതുപക്ഷമല്ല, മറിച്ച് ബിജെപിയാണ്. മുസ്ലിംലീഗ് മത്സരിക്കുന്ന 27 സീറ്റുകളിൽ 26 എണ്ണത്തിൽ വിജയിക്കുകയും കാസർകോട് മാത്രം പരാജയപ്പെടുകയും ചെയ്താൽ പോലും, ആ ഒരു പരാജയം സംസ്ഥാനത്തെ ആകെ വിജയത്തിൻ്റെ മാറ്റു കുറക്കും.
വർഗ്ഗീയ ധ്രുവീകരണത്തിന് സാധ്യതയുള്ള മണ്ഡലത്തിൽ വോട്ടുകൾ ചിതറിപ്പോകുന്നത് ബിജെപിക്ക് ഗുണകരമാകുമെന്ന ഭയമാണ് ജനാധിപത്യ വിശ്വാസികളെ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. അതിനാൽ, വൈകാരികമായ നീക്കങ്ങൾക്കപ്പുറം പ്രായോഗികമായ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാത്രമേ പാണക്കാട് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാവൂ എന്നാണ് സാധാരണക്കാരായ വോട്ടർമാരുടെ ആവശ്യം.























