| വാമിക
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പിണറായി വിജയൻ, കെ. സുധാകരൻ, എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ അധികാരത്തുടർച്ചയ്ക്കായുള്ള ശ്രമങ്ങളിലാണ്.
സി.പി.എമ്മിലെ മുതിർന്ന നേതാവായ ജി. സുധാകരനും കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും ഒരേപോലെ അധികാരമോഹത്തിന്റെ പാതയിലാണ്. അഴിമതിരഹിതനെന്ന പ്രതിച്ഛായയുള്ള ജി. സുധാകരന് ഇത്തവണയും മത്സരിക്കണമെന്നുണ്ടെന്നും, പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ ശത്രുപക്ഷത്തുള്ള കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നുവെന്നതും കേരളം വീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. മറുവശത്ത്, നിലവിൽ കണ്ണൂർ എം.പി.യായ കെ. സുധാകരന് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകണമെന്ന ലക്ഷ്യത്തോടെ നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്പര്യം. തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ അവഗണിച്ചും നിയമസഭയിലേക്ക് പോകാനുള്ള ഈ നീക്കം വലിയ വിമർശനങ്ങൾക്ക് വഴി തുറന്നു. ഒടുവിൽ സുധാകരന്റെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് ദേശീയ നേതൃത്വം മുട്ടുമടക്കുന്ന കാഴ്ചയും നാം കണ്ടു.
സി.പി.എമ്മിനുള്ളിലെ സ്വജനപക്ഷപാതവും ധാർമ്മിക പ്രതിസന്ധിയും ഇതിനോടകം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുന്നതിനെ പാർട്ടിക്കുള്ളിൽ തന്നെ അമർഷത്തിന് കാരണമായി. ഇതിനെതിരെ പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെയും ഭാഗത്തുനിന്നും ശക്തമായ പൊട്ടിത്തെറികൾ ഉണ്ടാകുന്നു.
പ്രത്യയശാസ്ത്രത്തോടുള്ള കൂറ് മറന്ന് സി.സി. മുകുന്ദനെപ്പോലെയുള്ളവർ ബി.ജെ.പിയിലേക്കും അയിഷ പോറ്റിയെപ്പോലെയുള്ളവർ കോൺഗ്രസ് ക്യാമ്പിലേക്കും ചേക്കേറുന്നതും അധികാരത്തിനുവേണ്ടിയുള്ള ഈ പരക്കംപാച്ചിലിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇപ്പോൾ വെള്ളം ചേർത്തിരിക്കുന്നത്. കെ സുധാകരന് സീറ്റു നൽകിയെങ്കിൽ തനിക്കും തുല്യനീതി വേണമെന്ന് പറഞ്ഞുകൊണ്ട് അടൂർ പ്രകാശും രംഗത്തുവന്നിട്ടുണ്ട്..



