ജമ്മു കാശ്‌മീരിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം. ഉധംപൂർ ജില്ലയിൽ രാംനഗർ- ഉധംപൂർ ഹൈവേയിലാണ് അപകടം. വാഹനാപകടത്തിൽ പതിനഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്ക്. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ബസ് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. റാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് പോവുകയായിരുന്നു വാഹനം.
അപകടത്തിൽ പരിക്കേറ്റ യാത്രികരെ വിദഗ്‌ദ ചികിത്സകൾക്കായി ഉടൻ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ അവസ്ഥ ഇപ്പോഴും വ്യക്തമല്ല. ഉധംപൂർ രാംനഗർ റൂട്ടിൽ ഒരു ബസപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡിഐജി ഉൾപ്പെടെയുള്ള സംഭവസ്ഥലത്ത് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ സേവനങ്ങളും നൽകിയിട്ടുള്ളതായും ഉധംപൂർ പൊലീസ് എക്‌സിൽ അറിയിച്ചു.
ഉധംപൂരിലെ അപകടത്തെ കുറിച്ച് അറിഞ്ഞയുടൻ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിരുന്നതായി യൂണിയൻ മിനിസ്റ്റർ ജിതേന്ദ്ര ദാസ് പറഞ്ഞു. ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും വാഹന അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചു.



