ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന് എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കുക ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.
‘സംഘര്‍ഷം തുടരാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ലക്ഷ്യങ്ങള്‍ എല്ലാം നേടി കഴിഞ്ഞു. സമാധാനത്തിൻ്റെ പാതയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ട്രംപ് കരാറുണ്ടാക്കാൻ മുന്നോട്ട് വന്നിരുന്നു. പക്ഷെ, ഇറാന് അതിന് തയ്യാറായില്ല’ -എന്നാണ് മാര്‍ക്കോ റൂബിയോ പറഞ്ഞത്.
ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് അദേഹം പറയുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാനെതിരെ ഇസ്രയേല്‍- യുഎസ് സംയുക്ത ആക്രമണം ആരംഭിച്ചത്. രണ്ട് മാസങ്ങളായി നീണ്ടുനിന്ന സൈനിക നടപടികള്‍ പശ്ചിമേഷ്യയെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഇറാൻ്റെ മിസൈല്‍ ശേഷിയെയും ആണവായുധത്തെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം നടത്തിയത്. ഇറാൻ്റെ ഭരണകൂടത്തെ തകര്‍ത്ത് പുതിയ ഭരണകൂടത്തെ പുനസ്ഥാപിക്കാനായിരുന്നു അമേരിക്കയുടെ നീക്കങ്ങള്‍. ആക്രമണത്തില്‍ പരമോന്നത നേതാവിനെ യുഎസ് ഇല്ലാതാക്കിയെങ്കിലും ഖമനയിയുടെ മകന് മുജ്തബ ഖമനയിയെ പരമോന്നത നേതാവാക്കി ശക്തമായി പ്രതിരോധിച്ച് മുന്നോട്ട് വരുകയായിരുന്നു ഇറാന്.



