നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്.
മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45 മിനിറ്റ് കൊണ്ട് തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ എത്തി. ഏതാണ്ട് 32 കിലോമീറ്റർ ദൂരമാണ് നീന്തിക്കടന്നത്.
ഇവരുടെ നീന്തലിൻ്റെ വീഡിയോയും പുറത്തുവന്നിട്ടിണ്ട്. ശക്തമായ തിരമാലകളോടും മാറിമാറി വരുന്ന കാറ്റിനോടും ശക്തമായ സമുദ്ര പ്രവാഹങ്ങളോടും ദമ്പദികൾ മല്ലിടുന്നത് വീഡിയോയിൽ കാണാം. മണിക്കൂറുകളോളം പ്രക്ഷുബ്ധമായ കടലിലൂടെ നീന്തി ഒടുവിൽ ഇന്ത്യൻ തീരത്തേക്ക് കാലെടുത്തു വെക്കുന്നതും വീഡിയോകളിൽ വ്യക്തമാണ്.
കർശനമായ സുരക്ഷാ മേൽനോട്ടത്തിലാണ് ഇവർ ദൗത്യം നടത്തിയത്. സപ്പോർട്ട് ബോട്ടുകൾ, പാരാമെഡിക്കുകൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എന്നിവരും റൂട്ടിലുടനീളം നീന്തൽക്കാരെ അനുഗമിച്ചു. ഇവരുടെ നേട്ടം സൈബറിടത്തിലും വലിയ പ്രശംസ പിടിച്ചുപറ്റി. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ദമ്പതികളുടെ നേട്ടത്തെയും നിശ്ചയ ദാർഢ്യത്തെയും അഭിനന്ദിച്ച് രംഗത്തെത്തി.
അബ്‌ദിയും പ്രസാദെയും നാല് വർഷം മുമ്പ് മാത്രമാണ് നീന്തൽ പരിശീലനം ഗൗരവമായി ആരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്. ഏതായാലും ഇന്ത്യൻ ഓപ്പൺ വാട്ടർ നീന്തലിൽ ഒരു നാഴികക്കല്ലായി ഇവരുടെ ക്രോസിംഗ് എക്കാലവും നിലനിൽക്കും.



