...
Home News 2006 മെയ്18ന് വി.എസിന്‍റെ സത്യപ്രതിജ്ഞ; 2026 മെയ്18ന് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ

2006 മെയ്18ന് വി.എസിന്‍റെ സത്യപ്രതിജ്ഞ; 2026 മെയ്18ന് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ

ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു', -എന്നാണ് അരുണ്‍ കുമാര്‍ കുറിച്ചത്

189

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുണ്‍ കുമാര്‍. അധികാരം പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനും ആണെന്നാണ് ആ കസേരയിലിരുന്ന് വിഎസ് അച്യുതാനന്ദന്‍ കാണിച്ചു തന്നതെന്നും വിഡി സതീശൻ്റെ ദീര്‍ഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെയെന്നും വിഎ അരുണ്‍ കുമാര്‍ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 2006ല്‍ ഇതേ മെയ് 18 -നായിരുന്നു വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതെന്നും അരുണ്‍ സൂചിപ്പിക്കുന്നുണ്ട്.

‘സാധാരണക്കാരൻ്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിൻ്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18ന് വിഡി സതീശന്‍ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതല ഏല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു’, -എന്നാണ് അരുണ്‍ കുമാര്‍ കുറിച്ചത്.

വിഎ അരുണ്‍ കുമാര്‍ പങ്കുവെച്ച കുറിപ്പ്-

ഇന്ന് മെയ് 18. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്. സാധാരണക്കാരൻ്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിൻ്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18ന് ശ്രീ. വിഡി സതീശന്‍ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.

കേരളത്തിൻ്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവല്‍പ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വിഡി സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിൻ്റെ പാര്‍ലമെൻ്റെറി രംഗത്തെ പക്വതയും ദീര്‍ഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെ.

ഈ ചരിത്രദിനത്തില്‍ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വിഡി സതീശനും അദ്ദേഹത്തിൻ്റെ മന്ത്രിസഭാംഗങ്ങള്‍ക്കും എൻ്റെയും കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. നവകേരളത്തിൻ്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.