...
Home News National ‘ഹൈവേയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക വാഹനങ്ങളുടെ നീക്കം പാകിസ്ഥാന് ചോർത്തി’; ഒരാൾ അറസ്റ്റിൽ

‘ഹൈവേയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക വാഹനങ്ങളുടെ നീക്കം പാകിസ്ഥാന് ചോർത്തി’; ഒരാൾ അറസ്റ്റിൽ

കേന്ദ്ര ഇന്‍റലിജൻസ് ഉൾപ്പടെയുള്ള ഏജൻസികൾ പത്താൻകോട്ട് പൊലീസിൽ നിന്ന് വിവരം തേടിയിട്ടുണ്ട്

136

പത്താൻകോട്ട്, ഹൈവേയിൽ ഇന്ത്യൻ സൈന്യത്തിന്‍റെയും അർദ്ധ സൈനികരുടെയും വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുകയും വിവരം പാകിസ്ഥാനിലേക്ക് അയച്ചു നൽകുകയും ചെയ്‌ത സംഘത്തിലെ പ്രമുഖനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹൈവേയുടെ വശത്തെ കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാണ് സംഘം സൈനിക വാഹനങ്ങളുടെ നീക്കം നിരീക്ഷിച്ചത്. പഞ്ചാബിലെ പത്താൻകോട്ടിലാണ് സംഭവം. സംഭവത്തിൽ ചക്ക് ധരിവാൾ ഗ്രാമവാസിയായ ബൽജിത് സിങ് എന്ന ബിട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സൈന്യത്തിൻ്റെയും അർദ്ധസൈനിക സേനയുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി നാഷണൽ ഹൈവേ -44 ലെ പത്താൻകോട്ട്- ജമ്മു റൂട്ടിലെ ഒരു കടയിൽ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. പാകിസ്ഥാനിലും വിദേശത്തുമുള്ള സംഘത്തിന് സിസിടിവി ക്യാമറയിലെ വിവരങ്ങൾ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സംവിധാനം വഴി കൈമാറിയിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദൽജീന്ദർ സിംഗ് ധില്ലൺ പറഞ്ഞു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ജനുവരിയിൽ സുജൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിൽ ഇൻ്റെർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചതായി ബൽജിത്ത് സിങ് സമ്മതിച്ചു. ദുബായിൽ നിന്നുള്ള അജ്ഞാതന്‍റെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്‌തതെന്നും, പ്രതിഫലമായി 40000 രൂപ ലഭിച്ചതായും ഇയാൾ പറഞ്ഞു. പൊലീസ് നടത്തിയ തെരച്ചിലിൽ ഒരു സിസിടിവി ക്യാമറയും ഇൻ്റെർനെറ്റ് വൈഫൈ റൂട്ടറും ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.

സംഭവത്തിൽ ബൽജിത് സിങിനെ കൂടാതെ വിക്ക എന്ന വിക്രംജിത് സിങ്, വിക്കി എന്ന ബൽവീന്ദർ സിങ്, തന്നു എന്ന തരൺപ്രീത് സിങ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും, മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കേന്ദ്ര ഇന്‍റലിജൻസ് ഉൾപ്പടെയുള്ള ഏജൻസികൾ പത്താൻകോട്ട് പൊലീസിൽ നിന്ന് വിവരം തേടിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.