...
Home News International ഹജ്ജ് സുരക്ഷ കർശനമാക്കി സൗദി; പെർമിറ്റില്ലാതെ എത്തിയ 3.66 ലക്ഷം പേരെ തിരിച്ചയച്ചു

ഹജ്ജ് സുരക്ഷ കർശനമാക്കി സൗദി; പെർമിറ്റില്ലാതെ എത്തിയ 3.66 ലക്ഷം പേരെ തിരിച്ചയച്ചു

മക്കയിൽ നടന്ന വാർത്താസമ്മേളനത്തിൽ സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഹജ്ജ് ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്.

138

ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 3,66,000-ത്തിലധികം പേരെയാണ് വിവിധ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചതെന്ന് അധികൃതർ അറിയിച്ചു.

മക്കയിൽ നടന്ന വാർത്താസമ്മേളനത്തിൽ സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഹജ്ജ് ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000-ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചു. ചട്ടലംഘനം നടത്തിയ 1,162 വാഹനങ്ങൾ സുരക്ഷാസേന പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതമായി ആളുകളെ മക്കയിലെത്തിക്കാൻ ശ്രമിച്ച 9,654 വാഹനങ്ങളും തൊഴിൽ-അതിർത്തി നിയമങ്ങൾ ലംഘിച്ച 7,733 പേരും പിടിയിലായതായി അധികൃതർ അറിയിച്ചു.

വ്യാജ ഹജ്ജ് കാമ്പയിനുകൾക്കെതിരെയും ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യവ്യാപക പരിശോധനയിൽ 217 വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ കണ്ടെത്തി. നിയമം ലംഘിച്ച് ആളുകളെ മക്കയിലെത്തിച്ചതിന് 396 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

പെർമിറ്റില്ലാതെ ഇഹ്‌റാം വസ്ത്രം ധരിച്ച് എത്തിയ 962 പേരെയും കണ്ടെത്തിയിട്ടുണ്ട്. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്ന ഓരോ വ്യക്തിക്കും 20,000 സൗദി റിയാൽ വീതം പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മക്കയിൽ നിന്ന് മാത്രമായി ഇതുവരെ 1,15,000 പേരെ നിയമലംഘനത്തിന്റെ പേരിൽ പിടികൂടിയതായും റിപ്പോർട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.