നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങളും എസ്.ഐ.ആറുകളും പാർട്ടിക്ക് വിപരീതമായി ഭവിച്ചുവെന്നാണ് പ്രധാന കണ്ടെത്തൽ. സംസ്ഥാനത്ത് ഇടതുപക്ഷ മുന്നണിക്കെതിരെ പ്രകടമായ ഭരണവിരുദ്ധ വികാരമില്ലായിരുന്നുവെന്നും, എന്നാൽ എസ്.ഐ.ആറുകൾ വോട്ടുകൾ ചോരുന്നതിന് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യു.ഡി.എഫ്. ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ ബോധപൂർവ്വം അഴിച്ചുവിട്ട കുപ്രചാരണങ്ങൾ ജനങ്ങളിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കിയെന്നും അത് വോട്ട് നഷ്ടപ്പെടാൻ കാരണമായെന്നും പാർട്ടി വിലയിരുത്തുന്നു. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട തളിപ്പറമ്പിലെ പരാജയത്തിന് പിന്നിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപ്പിഴകളാണെന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല.
പത്തു വർഷം തുടർച്ചയായി അധികാരത്തിലിരുന്നത് ജനങ്ങളെ ഒരു പരിധിവരെ മുന്നണിക്ക് എതിരാക്കിയെന്നും, ഭരണത്തിൽ ചില തെറ്റായ പ്രവണതകൾ കടന്നുകൂടിയതായും സി.പി.ഐ.എം. സ്വയംവിമർശനം നടത്തുന്നു. സ്വാഭാവികമായും ഒരു ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പാർട്ടി നേതൃത്വത്തിന് കൂട്ടായ വീഴ്ചയാണ് സംഭവിച്ചതെന്നും, ഇതിന്റെ ഉത്തരവാദിത്തം എല്ലാവർക്കും ഒന്നുപോലെയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് അടിവരയിടുന്നു.
വീഴ്ചകൾ വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്താൻ തയ്യാറാകണമെന്നും, അതിന് തയാറാകാത്തവരെ പാർട്ടി കർശനമായി തിരുത്തിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് ബാങ്കുകളിൽ ഉണ്ടായ വലിയ ചോർച്ചയും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. മുൻപ് അനുകൂലമായി നിന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചില്ല.
2016-ലെയും 2021-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗത വോട്ടുകൾക്കപ്പുറം വലിയ തോതിൽ ക്രിസ്ത്യൻ-മുസ്ലീം വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി സമാഹരിക്കപ്പെട്ടിരുന്നു. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ അകന്നതിന് പുറമെ, പാർട്ടിയുടെ ഉറച്ച അടിത്തറയായ ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകളിലും വലിയ തോതിൽ ചോർച്ചയുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.



