...
Home News International അതിർത്തിയിൽ പാകിസ്താന്റെ ‘ബഹിരാകാശ ചാരക്കണ്ണ്’; ചൈനീസ് കരുത്തിൽ 16 മാസത്തിനിടെ വിക്ഷേപിച്ചത് ആറ് ഉപഗ്രഹങ്ങൾ

അതിർത്തിയിൽ പാകിസ്താന്റെ ‘ബഹിരാകാശ ചാരക്കണ്ണ്’; ചൈനീസ് കരുത്തിൽ 16 മാസത്തിനിടെ വിക്ഷേപിച്ചത് ആറ് ഉപഗ്രഹങ്ങൾ

കൃഷി, ദുരന്ത നിവാരണം തുടങ്ങിയ സിവിലിയൻ ആവശ്യങ്ങൾക്കായുള്ള പദ്ധതികളെന്ന് പാകിസ്താൻ ഔദ്യോഗികമായി വിശേഷിപ്പിക്കുമ്പോഴും, ഇവയ്ക്ക് സൈനിക നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഇരട്ട ശേഷിയുണ്ടെന്നതാണ് പ്രതിരോധ വിദഗ്ധരുടെ പക്ഷം.

147

ഇന്ത്യയെ ലക്ഷ്യം വെച്ചുകൊണ്ട് പാകിസ്താൻ തങ്ങളുടെ ഭൗമനിരീക്ഷണ ഉപഗ്രഹശൃംഖല അതിവേഗം വിപുലീകരിക്കുന്നതായി റിപ്പോർട്ടുകൾ. 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള വെറും 16 മാസത്തിനിടയിൽ ആറ് അത്യാധുനിക ഉപഗ്രഹങ്ങളാണ് പാകിസ്താൻ ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ഉത്തരേന്ത്യ, ജമ്മു കശ്മീർ തുടങ്ങിയ തന്ത്രപ്രധാനമായ അതിർത്തി മേഖലകളുടെ ചിത്രങ്ങൾ നിരന്തരം പകർത്താൻ ശേഷിയുള്ള പ്രത്യേക ഭ്രമണപഥങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത് എന്ന് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിൽ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ശേഷം വെടിനിർത്തൽ കരാറിലെത്തി ഒരു വർഷം തികയുമ്പോഴാണ് ഈ നീക്കമെന്നത് ഗൗരവകരമാണ്. അതിർത്തിയിൽ സമാധാനം നിലനിൽക്കുന്നുണ്ടെങ്കിലും, ചൈനയുടെ സഹായത്തോടെ പാകിസ്താൻ തങ്ങളുടെ ബഹിരാകാശ നിരീക്ഷണ ശേഷി രഹസ്യമായി വർദ്ധിപ്പിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൃഷി, ദുരന്ത നിവാരണം തുടങ്ങിയ സിവിലിയൻ ആവശ്യങ്ങൾക്കായുള്ള പദ്ധതികളെന്ന് പാകിസ്താൻ ഔദ്യോഗികമായി വിശേഷിപ്പിക്കുമ്പോഴും, ഇവയ്ക്ക് സൈനിക നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഇരട്ട ശേഷിയുണ്ടെന്നതാണ് പ്രതിരോധ വിദഗ്ധരുടെ പക്ഷം.

അതീവ നൂതനമായ സാങ്കേതികവിദ്യകളാണ് ഈ പുതിയ ഉപഗ്രഹങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹൈ-റെസല്യൂഷൻ ഒപ്റ്റിക്കൽ ഇമേജിങ്, ഹൈപ്പർ സ്പെക്ട്രൽ സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെയുള്ള ഇമേജ് പ്രോസസിങ് എന്നിവ ഉപയോഗിച്ച് സൈനിക താവളങ്ങൾ, സൈനിക നീക്കങ്ങൾ, സമുദ്ര അതിർത്തിയിലെ പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ പാകിസ്താന് സാധിക്കും. സാധാരണ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ദിവസത്തിൽ പലതവണ ദക്ഷിണേഷ്യൻ മേഖലയ്ക്ക് മുകളിലൂടെ കടന്നുപോകാൻ ഇവയ്ക്ക് കഴിയുമെന്നത് നിരീക്ഷണത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.

പാകിസ്താന്റെ ഈ ബഹിരാകാശ മുന്നേറ്റത്തിന് പിന്നിൽ ചൈനയുടെ ശക്തമായ പിന്തുണയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 16 മാസത്തിനിടെ വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ചൈനീസ് റോക്കറ്റുകളുപയോഗിച്ചാണ് ബഹിരാകാശത്ത് എത്തിച്ചത്. ചൈനയുടെ വലിയ തോതിലുള്ള സാങ്കേതിക സഹായമില്ലാതെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ഉപഗ്രഹങ്ങൾ വിന്യസിക്കുക പാകിസ്താന് അസാധ്യമാണെന്ന് സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നു. PAUSAT-1, PRSC-EO1, PRSS-2, HS-1, PRSC-EO2, PRSC-EO3 എന്നിവയാണ് പാകിസ്താൻ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ.

ഇതിൽ 2026 ഏപ്രിലിൽ വിക്ഷേപിച്ച PRSC-EO3 എന്ന ഉപഗ്രഹം, ഉത്തരേന്ത്യയിലും കശ്മീരിലും നിരന്തരമായ നിരീക്ഷണം സാധ്യമാക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന ഈ സംവിധാനം ഇന്ത്യയുടെ അതിർത്തി സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചൈനയുടെ സഹായത്തോടെ പാകിസ്താൻ നടത്തുന്ന ഈ നീക്കം ദക്ഷിണേഷ്യൻ മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്നും നിരീക്ഷിക്കപ്പെടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.