ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് പ്രതി ആയതിനാലാണ് നടപടി. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. വധശ്രമക്കേസിൽ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ബുധനാഴ്ചയാണ് നാടകീയ രംഗങ്ങൾക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസുകൂടി എടുത്തു.
സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ മർദ്ദനമേറ്റ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്.ഐ അഭിജിത് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം രാത്രി വാഴോട്ടുകോണത്തെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ സുഗതനും ചേട്ടനും ഇരുവരെയും മർദിച്ചു, തള്ളി താഴെ ഇടുകയും ചെയ്തിരുന്നു. സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സിഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം കാപ്പ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. എൽഡിഎഫ് കൗൺസിലർമാരാണ് നഗരസഭക്ക് മുന്നിൽ പ്രതിഷേധിക്കുന്നത്. രാജിവക്കൂ പുറത്തുപോകുവെന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി.



