...
Home News International മഴ കവർന്നത് അപൂർവ്വ വാനരജന്മങ്ങളെ; ഇന്തോനേഷ്യയിലെ തപാപുലി ഒറംഗുട്ടാനുകൾ വംശനാശത്തിൻ്റെ വക്കിൽ

മഴ കവർന്നത് അപൂർവ്വ വാനരജന്മങ്ങളെ; ഇന്തോനേഷ്യയിലെ തപാപുലി ഒറംഗുട്ടാനുകൾ വംശനാശത്തിൻ്റെ വക്കിൽ

ഉരുൾപൊട്ടലിൽ ഈ ഒറംഗുട്ടാനുകളുടെ പ്രധാന ആവാസവ്യവസ്ഥയായ ഏകദേശം 8,300 ഹെക്ടർ വനഭൂമിയാണ് പൂർണ്ണമായും നശിച്ചത്. ഇത് അവരുടെ ആകെ വനഭൂമിയുടെ 11.7 ശതമാനത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു.

179

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ അതിശക്തമായ മഴയെയും തുടർന്നുണ്ടായ ഉരുൾപൊട്ടലിനെയും തുടർന്ന് ലോകത്തിലെ ഏറ്റവും അപൂർവ്വമായ ആൾക്കുരങ്ങ് വർഗ്ഗത്തിലെ 7 ശതമാനം ജീവനുകൾ നഷ്ടപ്പെട്ടതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയിൽ ഉണ്ടായ ഈ പ്രകൃതിക്ഷോഭം തപാപുലി ഒറംഗുട്ടാനുകളുടെ (Tapanuli orangutans) നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ഭീതിയിലാണ് ശാസ്ത്രലോകം. കഷ്ടിച്ച് 800 എണ്ണം മാത്രം ശേഷിക്കുന്ന ഈ അതീവ വംശനാശഭീഷണി നേരിടുന്ന വർഗ്ഗത്തിൽ നിന്ന് ഒരു വലിയ വിഭാഗം ഇല്ലാതായത് വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

2025 നവംബറിൽ വെറും നാല് ദിവസത്തിനുള്ളിൽ 1,000 മില്ലിമീറ്ററിലധികം മഴയാണ് ഈ പ്രദേശത്ത് പെയ്തിറങ്ങിയത്. ‘സെന്യാർ’ (Cyclone Senyar) ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുള്ള ഈ കനത്ത മഴയിലും ഉരുൾപൊട്ടലിലും പെട്ട് 58 ഒറംഗുട്ടാനുകൾ കൊല്ലപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇത് ആ പ്രദേശത്തെ പ്രാദേശിക ജനസംഖ്യയുടെ 11 ശതമാനവും ആകെ വർഗ്ഗത്തിൻ്റെ 7 ശതമാനവുമാണ്. ബതാങ് തോരു (Batang Toru) പരിസ്ഥിതി വ്യവസ്ഥയിലെ പടിഞ്ഞാറൻ ബ്ലോക്കിൽ വസിച്ചിരുന്ന ഒറംഗുട്ടാനുകളെയാണ് ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.

ഉരുൾപൊട്ടലിൽ ഈ ഒറംഗുട്ടാനുകളുടെ പ്രധാന ആവാസവ്യവസ്ഥയായ ഏകദേശം 8,300 ഹെക്ടർ വനഭൂമിയാണ് പൂർണ്ണമായും നശിച്ചത്. ഇത് അവരുടെ ആകെ വനഭൂമിയുടെ 11.7 ശതമാനത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം മഴയുടെ തീവ്രത 50 ശതമാനത്തോളം വർദ്ധിപ്പിച്ചതായി ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. ഖനനം, പാം ഓയിൽ തോട്ടങ്ങൾ, വലിയ ജലവൈദ്യുത പദ്ധതികൾ എന്നിവ മൂലം നേരത്തെ തന്നെ ഭീഷണി നേരിട്ടിരുന്ന ഈ വനമേഖലയ്ക്ക് പ്രകൃതിക്ഷോഭം കൂടി ഉണ്ടായത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഒരു വർഷം തപാപുലി ഒറംഗുട്ടാനുകളുടെ ജനസംഖ്യയുടെ വെറും ഒരു ശതമാനം കുറഞ്ഞാൽ പോലും അവ വംശനാശത്തിലേക്ക് നീങ്ങുമെന്ന് നേരത്തെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട പ്രകൃതിക്ഷോഭങ്ങൾ പോലും ചെറിയ ജനസംഖ്യയുള്ള ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുമെന്ന് ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ സെർജ് വിച്ച് ചൂണ്ടിക്കാട്ടുന്നു.

ഈ അപൂർവ്വ ജീവിവർഗ്ഗത്തെ സംരക്ഷിക്കാൻ ഇന്തോനേഷ്യ ബതാങ് തോരു പരിസ്ഥിതി വ്യവസ്ഥയ്ക്ക് സ്ഥിരമായ സുരക്ഷ ഒരുക്കണമെന്ന് യൂണിവേഴ്‌സിറ്റാസ് ഇൻഡോനേഷ്യയിലെ പ്രൊഫസർ ജാത്‌ന സുപ്രിയാത്മയെ ഉദ്ധരിച്ച് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി അന്താരാഷ്ട്ര പങ്കാളികൾ തങ്ങളുടെ ആഗോള വാഗ്ദാനങ്ങൾ പാലിക്കണമെന്നും ജൈവവൈവിധ്യ വീണ്ടെടുക്കലിനായി അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ലോകത്തിലെ ഏറ്റവും അപൂർവ്വമായ ഈ വലിയ ആൾക്കുരങ്ങുകൾ വൈകാതെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടേക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.