സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ്. ബുധനാഴ്‌ച രാവിലെ 10.30ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുക ആയിരുന്നു.
രണ്ടാഴ്‌ച സാവകാശം തേടിയാണ് വീണ ഇ- മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ സാവകാശം നൽകാതെ ബുധനാഴ്‌ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇഡി സമന്‍സ് അയക്കുക ആയിരുന്നു.
അനാരോഗ്യം ചൂണ്ടിക്കാട്ടി വൈദ്യപരിശോധാ രേഖകള്‍ സഹിതം അവധി അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കുന്നതാണ് രീതി. എന്നാല്‍ പിഎംഎല്‍എ വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ട് ഹാജരാകണം എന്നാണ് വ്യവസ്ഥ. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്‌ച നടക്കും. തിങ്കളാഴ്‌ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകൻ ആണ് ശരൺ എസ്. കർത്തക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
വീണയെ ചോദ്യം ചെയ്യാന്‍ ഇഡി വിശദമായ ചോദ്യാവലി തയ്യാറാക്കി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനാണ് ഇഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുമ്പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.
കേസില്‍ ഇഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.



