2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ആതിഥേയരായ കാനഡയെ സമനിലയിൽ തളച്ച് ബോസ്നിയ ഹെർസെഗോവിന. ടൊറന്റോയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ മത്സരത്തിൽ തന്നെ തോൽവി മുഖാമുഖം കണ്ട കാനഡ, കളിയുടെ അവസാന മിനിറ്റുകളിൽ നേടിയ ഗോളിലൂടെയാണ് ആശ്വാസ സമനില പിടിച്ചുപറ്റിയത്.
മത്സരത്തിൻ്റെ 21-ാം മിനിറ്റിൽ തന്നെ ബോസ്നിയ മുന്നിലെത്തി കാനഡയെ ഞെട്ടിച്ചു. ഇവാൻ ബാസിച്ച് എടുത്ത കോർണറിൽ നിന്നായിരുന്നു ഗോളിൻ്റെ തുടക്കം. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് സെഡ് കൊളാസിനാക് ഹെഡറിലൂടെ ജോവോ ലുക്കിച്ചിന് മറിച്ചുനൽകുകയും, ലുക്കിച്ച് അത് കൃത്യമായി വലയിൽ എത്തിക്കുകയുമായിരുന്നു. കാനഡ ഗോൾകീപ്പർ മാക്സിമെ ക്രെപൗവിന് യാതൊരു അവസരവും നൽകാതെയായിരുന്നു ബോസ്നിയയുടെ ഈ മുന്നേറ്റം.
ഒരു ഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചെങ്കിലും പരിക്കേറ്റ പ്രമുഖ താരം അൽഫോൺസോ ഡേവിസിൻ്റെ അഭാവം അവരുടെ കളിയിൽ പ്രകടമായിരുന്നു. ജൊനാഥൻ ഡേവിഡ്, ടാനി ഒലുവസെയി, ടയോൺ ബുക്കാനൻ എന്നിവർ നിരന്തരം ബോസ്നിയൻ പ്രതിരോധം ഭേദിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 52-ാം മിനിറ്റിൽ ലാറിയയുടെ ഷോട്ട് ഗോൾകീപ്പറെ മറികടന്നെങ്കിലും കൊളാസിനാക്കിൻ്റെ ഇടപെടൽ മൂലം ക്രോസ്ബാറിൽ ഇടിച്ച് പുറത്തുപോയി. 65-ാം മിനിറ്റിൽ ബോസ്നിയൻ താരം നിക്കോള കാറ്റിച്ച് ഗോൾലൈനിൽ നടത്തിയ രക്ഷപ്പെടുത്തലും ആതിഥേയർക്ക് തിരിച്ചടിയായി.
നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 79-ാം മിനിറ്റിലാണ് കാനഡ സമനില ഗോൾ കണ്ടെത്തിയത്. 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈൽ ലാറിൻ വെറും നാല് മിനിറ്റിനുള്ളിൽ തന്നെ തൻ്റെ ടീമിൻ്റെ രക്ഷകനായി മാറി. ജൊനാഥൻ ഡേവിഡ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ലാറിൻ അടിച്ച വോളി ബോസ്നിയൻ ഗോൾകീപ്പറെ കീഴടക്കി വലയിൽ കയറുകയായിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശം അണപൊട്ടി.
യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്നിയ, ആദ്യ മത്സരത്തിലും തങ്ങൾ നിസാരക്കാരല്ലെന്ന് തെളിയിച്ചു. മികച്ച പ്രതിരോധത്തിലൂടെ കാനഡയെ വെള്ളംകുടിപ്പിക്കാൻ അവർക്ക് സാധിച്ചു. കാനഡയെ സംബന്ധിച്ചിടത്തോളം സ്വന്തം മണ്ണിൽ തോൽവി ഒഴിവാക്കാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമായി. വരും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി മുന്നേറാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.



