സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്സി ബാങ്കിലെത്തി. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഇഡി സംഘം ബാങ്കിലെത്തി. വീണയുടെ മരവിപ്പിച്ച അക്കൗണ്ടിൻ്റെ പരിശോധനയാണ് നടക്കുന്നത്.
കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണക്ക് ഹാജരാക്കാൻ ആയില്ലെന്നാണ് ഇഡി പറയുന്നത്. വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
ഐടി സേവനങ്ങള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ചയെന്നാണ് വീണ മൊഴി നൽകിയത്. അതിനാല്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും വീണ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴികളില്‍ പൊരുത്തക്കേടുകളെന്നും ഇഡി പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടില്ല. രേഖകള്‍ കൂടി ലഭിച്ചശേഷമാകും വീണ്ടും സമന്‍സ് അയക്കുക.


