...
Home News Kerala സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ്, കേരളത്തിന് അപകടമെന്ന സൂചന: വിമര്‍ശിച്ച് പിണറായി വിജയന്‍

സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ്, കേരളത്തിന് അപകടമെന്ന സൂചന: വിമര്‍ശിച്ച് പിണറായി വിജയന്‍

മിഷന്‍ സമുദ്ര വഴി സ്വകാര്യ മേഖലക്ക് കേരളത്തിൻ്റെ തീരങ്ങള്‍ തീറെഴുതാനാണോ പദ്ധതിയെന്ന് ആശങ്ക

2

കേരള സംസ്ഥാന ബജറ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും പിണറായി വിജയന്‍ പറഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും കാണാനില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതില്‍ നിര്‍മ്മിക്കാനുളള അവസരം തുറന്നു കൊടുക്കുകയാണോ എന്ന് സംശയമുണ്ടെന്നും സ്വകാര്യ മേഖലക്ക് അവസരം കൊടുക്കലാണ് ബജറ്റില്‍ കാണാന്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒഡീഷയെയും ആന്ധ്രപ്രദേശിനെയും കേരളത്തെയും ബന്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഇടനാഴി ആശയത്തെ സര്‍ക്കാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടെന്നും വന്‍കിട കോര്‍പ്പറേറ്റ് താല്‍പര്യം ഉയര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മിഷന്‍ സമുദ്ര വഴി സ്വകാര്യ മേഖലക്ക് കേരളത്തിൻ്റെ തീരങ്ങള്‍ തീറെഴുതാനാണോ പദ്ധതിയെന്ന് ആശങ്ക. ഫിഷറീസ് പ്ലാന്റ് തീരദേശത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കമാണോ എന്നാണ് സംശയം. കേരളത്തിൻ്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നത്. അത് ഗൗരവമായി കാണണം. സ്വകാര്യ മേഖലക്ക് സഹായം ചെയ്യാനുളള നീക്കമാണ്. സ്വകാര്യ കമ്പനികളെ മടിവിളിക്കുന്ന സമീപനമാണ് ബജറ്റില്‍.

സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്ന പ്രഖ്യാപനങ്ങളില്ല. പ്ലാനിങ് ബോര്‍ഡ് പുനഃസംഘടിപ്പിക്കും എന്ന് പറഞ്ഞുകഴിഞ്ഞു. അത് കേന്ദ്രനയമാണ്. ടിന്‍ ടാങ്ക് ആക്കി പ്ലാനിങ് ബോര്‍ഡിനെ മാറ്റാനുളള ശ്രമമാണ്. നെഹ്‌റുവിൻ്റെ വികസന കാഴ്ച്ചപ്പാടിനെ കുഴിച്ചുമൂടുന്ന അവസ്ഥയാണ് ബജറ്റിലൂടെ കാണാന്‍ കഴിയുന്നത്’ പിണറായി വിജയന്‍ പറഞ്ഞു.

കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചതെന്നും അതിൻ്റെ പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌സി- എസ്.ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് ലൈഫ് പദ്ധതി തകര്‍ക്കാനുളള നീക്കമാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ‘ആരോഗ്യ ഇന്‍ഷുറന്‍സ് വലിയ പദ്ധതിയാണ് എന്ന് പറയുന്നു. പത്തുകോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചത്. അതുകൊണ്ട് ഒന്നുമാകില്ല എന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. പ്രഹസനം മാത്രമാണോ എന്നാണ് സംശയം. കേരളത്തിന് അപകടം സംഭവിക്കുന്നു എന്ന സൂചനയാണ് ബജറ്റില്‍’: -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.