...
Home News Kerala അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍

അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍

കിഫ്ബി അടിമുടി പൊളിച്ചെഴുതണമെന്നും പദ്ധതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു

2

കിഫ്ബിയില്‍ നിര്‍ണായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മ്മാണവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് അറിയിക്കും. എന്നാൽ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തിക സഹായവും നേരത്തേത് പോലെ നല്‍കും.

അനുമതി തേടി കിഫ്ബിക്ക് മുന്നിലുളള ഫയലുകള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട എന്നാണ് ഉദ്യോഗസ്ഥര്‍ക്കുളള നിര്‍ദേശം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ ഏജന്‍സിയാണ് കിഫ്ബി. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാണെന്നും സംസ്ഥാനത്തിൻ്റെ ധനപ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്നത് ആണെന്നുമാണ് ധവളപത്രത്തിൽ പറഞ്ഞത്. കിഫ്ബി അടിമുടി പൊളിച്ചെഴുതണമെന്നും പദ്ധതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബിയുടെ മുന്‍ഗണനകളിലും ധവളപത്രം സംശയം പ്രകടിപ്പിച്ചു. കിഫ്ബിയില്‍ കണ്ണൂര്‍ ജില്ലക്ക്‌ മാത്രം 20 ശതമാനം തുക അനുവദിക്കുകയും 19 ശതമാനം തുക നല്‍കുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം ജില്ലക്ക് ഇത് 17 ശതമാനവും എറണാകുളം ജില്ലയ്ക്ക് 11 ശതമാനവുമാണ്. പദ്ധതി വിതരണത്തില്‍ തന്ത്രപരമായ മുന്‍ഗണനയേക്കാള്‍ രാഷ്ട്രീയമാണ് പ്രതിഫലിച്ചതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

അനുവദിച്ച 68 ശതമാനം ഫണ്ടില്‍ പൊതുമരാമത്തിന് 34 ശതമാനം, വ്യവസായം 25 ശതമാനം, ആരോഗ്യം, കുടുംബ ക്ഷേമം 9 ശതമാനം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നത്.

കിഫ്ബിയുടെ കടമെടുപ്പ് തീരുമാനങ്ങള്‍ക്കുമേല്‍ ധനവകുപ്പിന് പൂര്‍ണനിയന്ത്രണം ഇല്ല. എന്നാല്‍ ബാധ്യതകളും പ്രത്യാഘാതങ്ങളും ധനവകുപ്പിനെ ബാധിക്കുകയും ചെയ്യും. കിഫ്ബി കടമെടുപ്പിനെ ഔദ്യോഗിക ബജറ്റില്‍ നിന്നും ഒഴിവാക്കുന്നത് സംസ്ഥാനത്തിൻ്റെ യഥാര്‍ത്ഥ ബാധ്യതകള്‍ സംബന്ധിച്ച് സഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കും. കിഫ്ബി അക്കൗണ്ടിലും മസാല ബോണ്ടിലും കണ്‍സള്‍ട്ടന്‍സികള്‍ക്ക് പണം നല്‍കിയതിലും കടമെടുത്ത പണം ബാങ്കുകളില്‍ നിക്ഷേപിച്ചതിലും ഫൊറന്‍സിക് ഓഡിറ്റ് നടത്തുമെന്നും ധവളപത്രത്തിൽ ഉണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.