പിഎം ശ്രീ പദ്ധതി നിർത്തി വെക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ച കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് കള്ളമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനം കത്തയച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ സംസ്ഥാന സർക്കാരിന് കേന്ദ്രം അയച്ച മറുപടിക്കത്ത് വി.ശിവൻകുട്ടി പുറത്തുവിട്ടു. ഒപ്പിട്ടതോടെ പദ്ധതി നടപ്പായെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്രം കത്തിലൂടെ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ പദ്ധതി യാഥാർത്ഥ്യമായി എന്ന നുണ പ്രചരിപ്പിച്ച് പിഎം ശ്രീ നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രമം. പിഎം ശ്രീ നടപ്പിലാക്കുന്നത് നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അങ്ങനെയൊരു കത്ത് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ സംസ്ഥാനം അയച്ച കത്തിനുള്ള കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ മറുപടിക്കത്ത് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പുറത്തുവിട്ടു.
സംസ്ഥാനം ഒപ്പിട്ടതോടെ പിഎം ശ്രീ പദ്ധതി നടപ്പായെന്നാണ് യുഡിഎഫിൻ്റെ വാദം. എന്നാൽ പിഎം ശ്രീ പദ്ധതിയുടെ കാലാവധി കഴിയാറായി എന്നും ഉടൻ സംസ്ഥാനം ഇത് നടപ്പാക്കണം എന്നുമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. പദ്ധതി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിൻ്റെ ഈ ആവശ്യം. പദ്ധതി നടപ്പിലായെങ്കിൽ വീണ്ടും നടപ്പാക്കണം എന്ന് സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെടേണ്ട കാര്യമെന്തെന്ന് വി.ശിവൻകുട്ടി ചോദിച്ചു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് നൽകിയ കത്തിൻ്റെ കാര്യത്തിൽ ലീഗിൻ്റെ നിലപാട് എന്താണെന്ന് ശിവൻകുട്ടി ചോദിച്ചു. പദ്ധതി നടപ്പാക്കാൻ ആണ് യുഡിഎഫ് തയ്യാറാകുന്നത്. അതിൽ ലീഗിൻ്റെ നിലപാട് അറിയാൻ താത്പര്യം ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ യുടെ ഭാഗമായി ഒരു ആനുകൂല്യവും കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടില്ല. എസ്.എസ്.കെ ഫണ്ട് മാത്രമാണ് ലഭിച്ചത്. അത് സംസ്ഥാനത്തിൻ്റെ അവകാശമാണ്. പിഎം ശ്രീയുമായി അതിന് ബന്ധമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.


