...
Home News Kerala ‘അമ്മ’ ജനറല്‍ ബോഡിയില്‍ നിന്നും ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നിന്നും ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി രാജിവച്ചു

സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല, മോഹന്‍ലാല്‍ വ്യക്തമാക്കി

78

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി.

13 അംഗ ഭരണസ മിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസന്‍, ലക്ഷ്‌മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെ ആണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

സംഘടനക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.

നാടകീയ രംഗങ്ങളാണ് ഇയോഗത്തിൽ ഉണ്ടായത്. വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിൻ്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു.

താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്‌തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുക ആണ്. ഞായറാഴ്‌ച രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖര്‍ റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകള്‍ തെറ്റ്, തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ല എന്ന് രഞ്ജി പണിക്കാരും നിലപാടെടുത്തു. 45 ദിവസം സമയം തരണം എന്ന് തരണം എന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.

മോഹന്‍ലാല്‍ നിലപാട് എടുക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വൈകാരികമായി മോഹന്‍ലാല്‍ സംസാരിച്ചു. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല, മോഹന്‍ലാല്‍ വ്യക്തമാക്കി. വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ സംഘടനക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തു വരുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.