...
Home News National മെഡിക്കൽ വിദ്യാഭ്യാസത്തിൽ വൻ മാറ്റം; പിജി ഡിപ്ലോമ കോഴ്സുകൾ നിർത്തലാക്കാൻ എൻഎംസി

മെഡിക്കൽ വിദ്യാഭ്യാസത്തിൽ വൻ മാറ്റം; പിജി ഡിപ്ലോമ കോഴ്സുകൾ നിർത്തലാക്കാൻ എൻഎംസി

ഡിഗ്രി കോഴ്സുകൾ നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ക്ലിനിക്കൽ സംവിധാനങ്ങളും ലഭ്യമായ സാഹചര്യത്തിൽ ഡിപ്ലോമ കോഴ്സുകൾ ബിരുദ കോഴ്സുകളാക്കി മാറ്റുന്നതാണ് ഉചിതമെന്നാണ് എൻഎംസിയുടെ വിലയിരുത്തൽ.

2

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (NMC). പരമ്പരാഗത ബിരുദാനന്തര ഡിപ്ലോമ മെഡിക്കൽ കോഴ്സുകൾ ഘട്ടംഘട്ടമായി നിർത്തലാക്കി, എംഡി, എംഎസ് ബിരുദ കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് തീരുമാനം.

എൻഎംസി പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം 2026-27 അധ്യയന വർഷം പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അവസാന പ്രവേശന വർഷമായിരിക്കും. 2027-28 മുതൽ ഇത്തരം കോഴ്സുകളിലേക്ക് പുതിയ പ്രവേശനം അനുവദിക്കില്ല. നിലവിലുള്ള 3,300 പിജി ഡിപ്ലോമ സീറ്റുകൾ എംഡി, എംഎസ് കോഴ്സുകളിലേക്ക് മാറ്റുമെന്നും കമ്മീഷൻ അറിയിച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, സ്പെഷ്യലിസ്റ്റ് പരിശീലനത്തിന് ആഗോള നിലവാരത്തിലുള്ള അംഗീകാരം ഉറപ്പാക്കുക, സമകാലിക വിദ്യാഭ്യാസ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുക എന്നിവയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളെന്ന് എൻഎംസിക്ക് കീഴിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ് (PGMEB) വ്യക്തമാക്കി.

നിലവിൽ പല മെഡിക്കൽ കോളേജുകളിലും ഒരേ വിഷയത്തിൽ പിജി ഡിപ്ലോമയും എംഡി/എംഎസ് കോഴ്സുകളും ഒരുമിച്ച് നടത്തുന്നുണ്ട്. ഡിഗ്രി കോഴ്സുകൾ നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ക്ലിനിക്കൽ സംവിധാനങ്ങളും ലഭ്യമായ സാഹചര്യത്തിൽ ഡിപ്ലോമ കോഴ്സുകൾ ബിരുദ കോഴ്സുകളാക്കി മാറ്റുന്നതാണ് ഉചിതമെന്നാണ് എൻഎംസിയുടെ വിലയിരുത്തൽ.

അതേസമയം, നിലവിൽ പിജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന മെഡിക്കൽ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയെ എംഡി അല്ലെങ്കിൽ എംഎസ് ബിരുദ കോഴ്സുകളാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ അപേക്ഷ സമർപ്പിക്കണമെന്ന് എൻഎംസി നിർദേശിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഓൺലൈൻ പോർട്ടൽ വഴി മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിംഗ് ബോർഡിന് (MARB) അപേക്ഷ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.

മെഡിക്കൽ വിദ്യാഭ്യാസത്തെ കൂടുതൽ നിലവാരമുള്ളതും ഏകീകൃതവുമാക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.