വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അതൃപ്തി വ്യക്തമാക്കി കെസി വേണുഗോപാൽ. ഈ വിഷയത്തിൽ മറുപടി പറയേണ്ടത് അദാനിയാണെന്ന് വേണുഗോപാൽ പറഞ്ഞു. സർക്കാർ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി നൽകിയത് എങ്ങനെയെന്ന് അദാനി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിയുടെ തീരുമാനങ്ങൾ ആകാം നടക്കുന്നത്. എന്നാൽ അത് ഇവിടെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മുമ്പേ അതൃപ്തി വ്യക്തമാക്കി രംഗത്തുവന്നത് കെസി വേണുഗോപാൽ ആണ്.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഎം
വിഴിഞ്ഞം തുറമുഖത്തിൻ്റെ 49 ശതമാനം ഓഹരികള്‍ എംഎസ്സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. വിഴിഞ്ഞത്തിൻ്റെ ഓഹരികള്‍ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ടെന്നും തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. തുറമുഖം സംസ്ഥാനത്തിൻ്റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും സിപിഐ(എം) സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ സര്‍ക്കാരിൻ്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൈമാറ്റം നടത്തുന്നത് എന്നാണ് മനസിലാക്കുന്നതെന്നും പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തുറമുഖം പൂര്‍ണമായി എം.എസ്.സിയുടെ കപ്പലുകള്‍ക്ക് മാത്രമായി നീക്കിവെയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും സിപിഐ (എം) പറഞ്ഞു. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിംഗ് കമ്പനികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെങ്കില്‍ അത് സംസ്ഥാന താല്പര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
വാര്‍ത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് എത്രത്തോളം വിശ്വാസ യോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ടെന്നും സിപിഐ (എം) പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന താല്പര്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ഉരുണ്ട് കളിക്കുന്ന നിലപാട് കേരളത്തിൻ്റെ താല്പര്യങ്ങളെ തകര്‍ക്കുന്നതാണെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യക്തത ആവശ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ്
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റം വരുത്തുന്ന അദാനി ഗ്രൂപ്പിൻ്റെ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാടെന്താണെന്ന് കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ താത്പര്യത്തിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തെ വിദേശ ബഹുരാഷ്ട്ര കമ്പനിയായ എം.എസ്.സിക്ക് വില്‍ക്കുന്നതിൻ്റെ ആദ്യ പടിയാണോ ഇത് എന്ന ആശങ്കയാണ് ഉയരുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിൻ്റെ ഈ നീക്കം സംസ്ഥാന സര്‍ക്കാരിൻ്റെ അറിവോട് കൂടിയാണോ നടന്നത് എന്നും കരാറിന് വിരുദ്ധമായ ഈ നടപടിക്കെതിരെ സര്‍ക്കാര്‍ എന്തു നിയമ നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രിയോട് നിയമസഭയില്‍ സബ്മിഷനിലൂടെ ചോദിച്ചിരുന്നു. സര്‍ക്കാരിൻ്റെ അറിവോടെയല്ല ഈ തീരുമാനം എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ അദാനി പോര്‍ട്ട് അധികൃതര്‍ അനൗദ്യോഗികമായി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു എന്നാണ് പറയുന്നത്. എങ്കില്‍ ഇത് രഹസ്യമാക്കി വെച്ചത് എന്തിനാണെന്ന് പിണറായി വിജയൻ ചോദിച്ചു.
എം.എസ്.സിയുമായി ഓഹരി കൈമാറ്റത്തിന് കരാറിൽ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. സര്‍ക്കാരിൻ്റെ അനുമതി ഇതിനോടകം തന്നെ ലഭ്യമായ രീതിയിലാണ് അവര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. എന്ത് ഡീലാണ് ഇക്കാര്യത്തിൽ നടന്നത് എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ താത്പര്യങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് മുന്നില്‍ അടിയറവ് വെയ്ക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം പോര്‍ട്ട് സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്താന്‍ ശക്തമായ ഇടപെടലുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതൃപ്തി അറിയിച്ച് സർക്കാർ
അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ. വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം സർക്കാരിനെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്തില്ല. സര്‍ക്കാരിൻ്റെ അനുമതിയോട് കൂടി മാത്രമെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്സഷന് കരാറിലെ ബാധകമായ വ്യവസ്ഥകളും
മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നിലപാട് സ്വീകരിക്കും.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ അതൃപ്തി മുഖ്യമന്ത്രി വിഡി സതീശന് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്സഷന് കരാറിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിൻ്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിൻ്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ, മുഖ്യമന്ത്രി അറിയിച്ചു.


