...
Home News International ‘ദ വെസ്റ്റ് പാപ്പുവ നാഷണല്‍ ലിബറേഷന്‍ ആര്‍മി’ യുഎസ് പൈലറ്റിനെ വെടിവെച്ചു കൊലപ്പെടുത്തി

‘ദ വെസ്റ്റ് പാപ്പുവ നാഷണല്‍ ലിബറേഷന്‍ ആര്‍മി’ യുഎസ് പൈലറ്റിനെ വെടിവെച്ചു കൊലപ്പെടുത്തി

ഇന്തോനേഷ്യൻ സര്‍ക്കാരിനും യുഎസ് സര്‍ക്കാരിനുമുള്ള മുന്നറിയിപ്പാണിതെന്നാണ് വിഘടനവാദികളുടെ പ്രതികരണം

3

അമേരിക്കന്‍ പൈലറ്റിനെ ഇന്തോനേഷ്യയിൽ വെടിവെച്ച് കൊലപ്പെടുത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന പാപ്പുവ പ്രദേശത്താണ് സംഭവം. നിക്കോളാസ് എഫ് ഗോസ്ലിന്‍ എന്ന പൈലറ്റാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം നിയന്ത്രിച്ചിരുന്ന വിമാനത്തിന് വിഘടനവാദികള്‍ തീയിട്ടു. ഇന്തോനേഷ്യൻ സര്‍ക്കാരിനും യുഎസ് സര്‍ക്കാരിനുമുള്ള മുന്നറിയിപ്പാണിതെന്നാണ് വിഘടനവാദികളുടെ പ്രതികരണം.

സംഭവത്തിൻ്റെ ഉത്തരവാദിത്തം ദ വെസ്റ്റ് പാപ്പുവ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന സായുധ വിഘടനവാദ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഹൈലാന്‍ഡ് പാപ്പുവ പ്രവിശ്യയിലെ യഹുകിമോ എന്ന ജില്ലയില്‍ വിമാനം ലാന്‍ഡ് ചെയ്‌തപ്പോഴാണ് പൈലറ്റിന് നേരെ ആക്രമണം ഉണ്ടായത്.

വിഘനവാദ സംഘത്തിൻ്റെ നിയന്ത്രണത്തിലുള്ള പ്രവിശ്യയില്‍ പല തവണ പ്രവേശിച്ച യുഎസ് വിമാനത്തിന് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് സംഘത്തിൻ്റെ വക്താവ് സെബി സാംബം പ്രതികരിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ലംഘിച്ചതോടെ അടിയന്തരമായി തന്നെ വിമാനം വെടിവെച്ചിട്ടെന്നും സാംബം വിശദീകരിച്ചു.

വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഇന്തോനേഷ്യന്‍ സൈനിക ഉദ്യോഗസ്ഥരെയും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രഹികളും എത്തിക്കുന്ന ഉദ്യമത്തിലായിരുന്നു ഈ സിവിലിയന്‍ വിമാനമെന്നാണ് വിഘടനവാദികള്‍ ആരോപിക്കുന്നത്.

ഇത്തരത്തില്‍ സിവിലിയന്‍ വിമാനങ്ങള്‍ ഇനിയും തങ്ങളുടെ പ്രദേശത്തേക്ക് അതിക്രമിച്ച് പ്രവേശിച്ചാല്‍ ആക്രമണം ഉണ്ടാകുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തേക്ക് സേനയോ പൊലീസ് ഉദ്യോഗസ്ഥരെയോ വിന്യസിക്കാതെ പൈലറ്റിൻ്റെ മൃതദേഹം വീണ്ടെടുക്കണമെന്ന നിര്‍ദേശവും സംഘം മുന്നോട്ടുവച്ചിട്ടുണ്ട്.

യാഹുകിമോയിലെ പ്രാദേശിക വിമാന താവളത്തില്‍ അമേരിക്കന്‍ പൈലറ്റും ഏഴ് പാപ്പുവന്‍ യാത്രികരും സഞ്ചരിച്ച വിമാനം കത്തിച്ചുവെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പൈലറ്റിൻ്റെ മരണമോ, അതില്‍ വിഘടനവാദ വിഭാഗത്തിനുള്ള പങ്കിനെ കുറിച്ചോ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.