...
Home News National ഇ-റിക്ഷകളെ വഴിയിൽ തളയ്ക്കും ചൈനീസ് ‘മാന്ത്രിക’ ആപ്പ്; ‘ബാറ്റ്-ബിഎംഎസ്’ നിരോധിച്ച് കേന്ദ്ര സർക്കാർ

ഇ-റിക്ഷകളെ വഴിയിൽ തളയ്ക്കും ചൈനീസ് ‘മാന്ത്രിക’ ആപ്പ്; ‘ബാറ്റ്-ബിഎംഎസ്’ നിരോധിച്ച് കേന്ദ്ര സർക്കാർ

ഇ-റിക്ഷകൾ വഴിയിൽ പെട്ടെന്ന് നിന്നുപോകുന്നതിന്റെയും അവ നിയന്ത്രിക്കപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

3

ഇ-റിക്ഷകൾ ദൂരത്തുനിന്ന് പ്രവർത്തനരഹിതമാക്കാൻ സഹായിക്കുന്ന ‘ബാറ്റ്-ബിഎംഎസ്’ (BAT-BMS) എന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽനിന്നും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ബാറ്റ്-ബിഎംഎസ് ഉൾപ്പെടെ രണ്ട് ആപ്പുകളാണ് ഇത്തരത്തിൽ നിരോധിച്ചത്. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ-റിക്ഷകളുടെ ബാറ്ററി ഡിസ്ചാർജ് തടസ്സപ്പെടുത്തി വാഹനം നിശ്ചലമാക്കാൻ ഈ ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സൈബർ സുരക്ഷാ കാരണങ്ങളാലും ഡ്രൈവർമാർ നേരിടുന്ന സാമ്പത്തിക ഭീഷണി കണക്കിലെടുത്തുമാണ് സർക്കാർ ഈ നിർണ്ണായക ഇടപെടൽ നടത്തിയത്.

ഇ-റിക്ഷകൾ വഴിയിൽ പെട്ടെന്ന് നിന്നുപോകുന്നതിന്റെയും അവ നിയന്ത്രിക്കപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വിദൂരത്തിരുന്ന് ആപ്പ് വഴി വാഹനം ലോക്ക് ചെയ്ത ശേഷം, അത് അൺലോക്ക് ചെയ്യുന്നതിനായി ഹാക്കർമാർ പാവപ്പെട്ട ഇ-റിക്ഷാ ഡ്രൈവർമാരിൽനിന്ന് പണം തട്ടുന്നതായും പരാതികളുണ്ട്. പണം ആവശ്യപ്പെട്ടുള്ള ഈ ഭീഷണി പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് വിഷയം ഗൗരവമായി എടുത്ത ഡൽഹി സർക്കാർ ഗതാഗത വകുപ്പിന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചൈനീസ് നിർമിതമായ ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങളാണ് (BMS) ഭൂരിഭാഗം ഇ-റിക്ഷകളിലും ഉപയോഗിക്കുന്നത് എന്നതാണ് ഈ സുരക്ഷാ പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഈ ബാറ്ററികളിൽ മിക്കതിലും പാസ്‌വേഡുകളോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാത്ത ‘ഓപ്പൺ ബ്ലൂടൂത്ത്’ സംവിധാനമാണുള്ളത്. അതിനാൽ ആർക്കും വളരെ എളുപ്പത്തിൽ മൊബൈൽ ആപ്പ് വഴി ഇത്തരം ബാറ്ററിയിലേക്ക് കണക്റ്റ് ചെയ്യാനും വാഹനത്തിന്റെ പവർ വിച്ഛേദിക്കാനും സാധിക്കും. നിലവിൽ മറ്റ് വലിയ ഇലക്ട്രിക് വാഹനങ്ങളെയൊന്നും ഈ സുരക്ഷാ വീഴ്ച ബാധിച്ചിട്ടില്ലെന്ന് അധികൃതർ വിശദീകരിക്കുന്നു.

ഈ വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആപ്പിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഗതാഗത മന്ത്രി പങ്കജ് സിങ് അറിയിച്ചു. രേഖാമൂലമുള്ള പരാതികൾ ലഭിക്കുന്നതിന് മുൻപ് തന്നെ നിരവധി പേർ ഈ പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേസമയം തന്നെ, മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇ-റിക്ഷകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി ഡ്രൈവർമാരിൽനിന്ന് പണം തട്ടിയെന്ന് ആരോപിച്ച് ഉജ്ജയ്ൻ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

യഥാർഥത്തിൽ ബാറ്ററിയുടെ വോൾട്ടേജ്, താപനില, ചാർജിങ് നില എന്നിവ നിരീക്ഷിക്കുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനുമായി നിർമ്മാതാക്കൾക്കും സർവീസ് ടെക്നീഷ്യൻമാർക്കും വേണ്ടിയാണ് ഈ ആപ്പ് നിർമ്മിച്ചത്. എന്നാൽ ആപ്പിന്റെ ഈ നിയന്ത്രണ സംവിധാനങ്ങൾ ഇപ്പോൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഗതാഗതവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്ന ഇ-റിക്ഷകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ആപ്പ് സ്റ്റോറുകളിൽ നിന്നുള്ള ഈ നീക്കം അനിവാര്യമായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.