...
Home News National ടെലഗ്രാമിന് പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നോട്ടീസ്

ടെലഗ്രാമിന് പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നോട്ടീസ്

പകർപ്പവകാശ ഉടമകൾ എന്നിവരുടെ താൽപര്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനുമാണ് സർക്കാരിൻ്റെ ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കുന്നത്

5

വ്യാപകമായി പ്രചരിക്കുന്ന പൈറേറ്റഡ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളും ആരോപണത്തിൽ‌ അടിയന്തര നടപടി സ്വീകരിക്കാൻ ‌ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ടെലഗ്രാമിന് നോട്ടീസ് നൽകിയിരിക്കുന്നത്. സിനിമകൾ, വെബ് സീരീസുകൾ ഉൾപ്പെടെയുള്ള പകർപ്പവകാശ സംരക്ഷണമുള്ള ഉള്ളടക്കങ്ങൾ അനധികൃതമായി പങ്കുവെക്കുന്ന ചാനലുകൾക്കും ഗ്രൂപ്പുകൾക്കുമെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ടെല​ഗ്രാമിന് നൽകിയിരിക്കുന്ന നിർദ്ദേശം.

പൈറേറ്റഡ് ഉള്ളടക്കം പങ്കുവെക്കുന്നത് തടയാൻ ഫലപ്രദമായ സംവിധാനങ്ങൾ നടപ്പിലാക്കണം, പകർപ്പവകാശ ലംഘനങ്ങൾക്ക് ടെലഗ്രാം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ നിലവിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ടെല​ഗ്രാമിന് നൽകിയ നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്. മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ സൃഷ്‌ടിപരമായ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കുന്നതിനും സിനിമാ നിർമ്മാതാക്കൾ, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ, മറ്റ് പകർപ്പവകാശ ഉടമകൾ എന്നിവരുടെ താൽപര്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനുമാണ് സർക്കാരിൻ്റെ ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കുന്നത്.

പുതുതായി പുറത്തിറങ്ങുന്ന സിനിമകളുടെയും വെബ് സീരീസുകളുടെയും പൈറേറ്റഡ് പതിപ്പുകൾ റിലീസിന് പിന്നാലെ ടെലഗ്രാം ഉൾപ്പെടെയുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഓൺലൈൻ മാർഗങ്ങളിലുമായി വ്യാപകമായി പ്രചരിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ രീതി സിനിമാ- ഡിജിറ്റൽ സ്ട്രീമിംഗ് മേഖലക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്‌ടം സംഭവിക്കുന്നതായും കണ്ടൻ്റ് ക്രീയേറ്റേഴ്‌സിന് ഗുരുതര തിരിച്ചടിയുണ്ടാകുന്നതായും പരാതികൾ ഉയർന്നിരുന്നു. ഡിജിറ്റൽ പൈറസിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്.

യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെലഗ്രാമിനും സിഗ്നലിനും രണ്ട് ദിവസം മുമ്പ് നോട്ടീസ് അയച്ചിരുന്നു. യൂസർനെയിം ഫീച്ചറിനെക്കുറിച്ചും അതുവഴി വ്യാജ വ്യക്തിത്വം സൃഷ്ടിക്കുന്നതും ദുരുപയോഗം നടക്കുന്നതും എങ്ങനെ തടയുന്നുവെന്നതിൽ വിശദീകരണം നൽകാനായിരുന്നു ആവശ്യം.

നേരത്തെ മെറ്റയ്ക്കും (Meta) സമാനമായ നോട്ടീസ് കേന്ദ്രസർക്കാർ നൽകിയിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ് (Phishing), ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജ വ്യക്തിത്വം ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവ വർധിപ്പിക്കാൻ പുതിയ യൂസർ നെയിം ഫീച്ചർ ഉപയോ​ഗിക്കുമ്പോൾ സാധ്യത ഉണ്ടെന്നായിരുന്നു സർക്കാർ‌ നിലപാട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.