ഇലോണ്‍ മസ്കിൻ്റെ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് കമ്പനിയായ എക്സ് എഐയുടെ പേര് മാറ്റി. എക്സ് എഐ ഇനി സ്പേസ് എക്സ് എഐ എന്നാണ് അറിയപ്പെടുക. രണ്ട് കമ്പനികളും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലയിപ്പിച്ചിരുന്നു. എക്സ് എഐയുടെ പുനര്‍നാമകരണത്തിന് പിന്നാലെ പുതിയ ലോഗോയും എക്സിൻ്റെ യൂസര്‍നെയിമും മാറ്റിയിട്ടുണ്ട്. 2026 ഫെബ്രുവരിയില്‍ സ്പേസ് എക്സ് 1.25 ട്രില്യണ്‍ ഡോളര്‍ മൂല്യമുളള ഓഹരി ഇടപാടിലൂടെയാണ് എക്സ് എഐ സ്വന്തമാക്കിയത്.
എക്സ് എഐയെ സ്പേസ് എക്സിൻ്റെ ഭാഗമാക്കുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന സ്പേസ് എക്സ് ഐപിഒക്ക് ശേഷമാണ് ഔദ്യോഗികമായി റീബ്രാന്‍ഡിംഗ് നടന്നത്. ഇതോടെ എക്സ് എഐയുടെ ജനപ്രിയ ചാറ്റ്ബോട്ടായ ഗ്രോക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സും ഇനി സ്പേസ് എക്സിൻ്റെ കീഴിലായിരിക്കും.
ജൂണിൽ നടന്ന ഐപിഒയിലൂടെ സ്പേസ് എക്സ് 7,500 കോടി ഡോളർ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്പേസ്എക്സ് ഐപിഒയില്‍ (Initial Public Offering) ഒരു ഓഹരിക്ക് 135 ഡോളര്‍ എന്ന നിരക്കില്‍ 555.6 മില്യണ്‍ ഓഹരികള്‍ക്ക് വില നിശ്ചയിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പൊതുഓഹരി വില്‍പ്പന (IPO) എന്ന റെക്കോര്‍ഡ് സ്പേസ്എക്സ് സ്വന്തമാക്കി.
ഈ റെക്കോര്‍ഡ് ഇടപാടിലൂടെ ഇലോണ്‍ മസ്ക്കിൻ്റെ റോക്കറ്റ് കമ്പനിയായ സ്പേസ്എക്സിന് 75 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.75 ട്രില്യണ്‍ ഡോളറിലെത്തി. വില നിശ്ചയിക്കുന്നതിന് മുമ്പുള്ള ആഴ്ചകളില്‍ പ്രതീക്ഷിച്ചിരുന്ന മൂല്യനിര്ണയമാണിത്. ഇത് 2019ല്‍ സൗദി അരാംകോ നടത്തിയ 29.4 ബില്യണ്‍ ഡോളറിൻ്റെ ഐപിഒയേക്കാള്‍ ഇരട്ടിയിലധികം വലുപ്പമുള്ളതാണ്.


