ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ മറ്റൊരു നിർണായക നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒ. ബഹിരാകാശയാത്രികരെ വഹിക്കുന്ന ക്രൂ കാപ്സ്യൂളിനെ സുരക്ഷിതമായി ഭൂമിയിലെത്തിക്കാൻ ആവശ്യമായ പ്രധാന പാരച്യൂട്ട് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
മധ്യപ്രദേശിലെ ഷിയോപൂരിലുള്ള പരീക്ഷണ കേന്ദ്രത്തിൽ നടത്തിയ ‘ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് (IMAT-05)’ വിജയകരമായി പൂർത്തിയാക്കി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്ന ക്രൂ കാപ്സ്യൂളിന്റെ വേഗത കുറച്ച് കടലിൽ സുരക്ഷിതമായി ഇറക്കുന്നതിൽ ഈ പാരച്യൂട്ട് സംവിധാനത്തിന് നിർണായക പങ്കുണ്ട്.
ഗഗൻയാൻ ക്രൂ മൊഡ്യൂളിൽ ആകെ 10 പാരച്യൂട്ടുകളാണുള്ളത്. വിവിധ ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന ഇവ കാപ്സ്യൂളിന്റെ വേഗത നിയന്ത്രിച്ച് സുരക്ഷിത ലാൻഡിംഗ് ഉറപ്പാക്കുന്നു. ഏറ്റവും പുതിയ പരീക്ഷണത്തിൽ ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനത്തിൽ നിന്ന് 2.5 കിലോമീറ്റർ ഉയരത്തിൽ ഡമ്മി വെയ്റ്റ് ഉൾപ്പെടുന്ന സംവിധാനം പുറത്തുവിടുകയും പ്രധാന പാരച്യൂട്ട് വിജയകരമായി പ്രവർത്തിക്കുകയും ചെയ്തു.
ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യമായ G1 മിഷനിൽ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായതോടെ പാരച്യൂട്ട് സംവിധാനത്തിന്റെ വിശ്വാസ്യതയിൽ കൂടുതൽ ആത്മവിശ്വാസം ലഭിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.
ഐഎസ്ആർഒ, ഡിആർഡിഒ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ സൈന്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ആളില്ലാ വിക്ഷേപണത്തിന് മുന്നോടിയായുള്ള പ്രധാന സാങ്കേതിക പരിശോധനകളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്.


