...
Home News National ഹിന്ദു നിയമം മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയുള്ളതല്ല: സോളിസിറ്റർ ജനറൽ തുഷാർ മേത്ത

ഹിന്ദു നിയമം മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയുള്ളതല്ല: സോളിസിറ്റർ ജനറൽ തുഷാർ മേത്ത

ഹിന്ദു മത, നിയമ ഗ്രന്ഥങ്ങളിൽ നൽകുന്ന തുറന്നതും വഴക്കമുള്ളതുമായ വ്യാഖ്യാനം മറ്റൊരു മതഗ്രന്ഥത്തിലും ലഭ്യമല്ലെന്ന് സോളിസിറ്റർ ജനറൽ

3

നിയമത്തിൻ്റെയും ധാർമ്മികതയുടെയും വിവിധ വശങ്ങളെ കുറിച്ചുള്ള പുരാതന പണ്ഡിതരുടെ വ്യാഖ്യാനങ്ങളുടെയും ധ്യാനങ്ങളുടെയും ഒരു പരമ്പരയായ ‘സ്‌മൃതികളിൽ’ നിന്നാണ് ഹിന്ദുനിയമങ്ങൾ ഉരുത്തിരിഞ്ഞതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശനിയാഴ്‌ച പറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ‘പുരാതന ജ്ഞാനവും നിയമ ബുദ്ധിയും’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗത്തിൽ, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജ്ഞാന വചനങ്ങളിലൊന്നായ വേദങ്ങൾ, ഒരാളുടെ ചുറ്റുപാടുകളുമായും ആന്തരിക വ്യക്തിത്വവുമായും യോജിച്ച് ജീവിക്കാനുള്ള വഴികൾ നിരത്തുന്നുവെന്ന് മേത്ത പറഞ്ഞു.

“ഹിന്ദു നിയമം യഥാർത്ഥത്തിൽ സ്‌മൃതികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. യാജ്ഞവൽക്യ സ്‌മൃതി, മനു സ്‌മൃതി, നാരദ സ്‌മൃതി, പരാശര സ്‌മൃതി തുടങ്ങിയ നിരവധി സ്‌മൃതികൾ നിയമത്തിൽ വൈദഗ്ദ്യം നേടിയ പുരാതന പണ്ഡിതരുടെ വ്യാഖ്യാനങ്ങളാണ്,” സോളിസിറ്റർ ജനറൽ (എസ്‌ജി) പറഞ്ഞു.

എഡി 700ന് മുമ്പ് മുതൽ പ്രചാരത്തിലിരുന്ന രണ്ട് പ്രമുഖ ഹിന്ദു നിയമ തത്ത്വചിന്താ ധാരകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു, ‘മിതാക്ഷര’വും ‘ദയാഭാഗ’ ചിന്താധാരകളും.

“മിതാക്ഷര ചിന്താധാര വിജ്ഞാനേശ്വരൻ മുന്നോട്ടുവച്ചതാണ്. അത് മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയുള്ളതല്ല. യാജ്ഞവൽക്യ സ്‌മൃതിയെ അടിസ്ഥാനമാക്കിയുള്ളത് ആയിരുന്നു- തെറ്റായി വിശ്വസിക്കപ്പെടുന്നു. മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയുള്ള ദയാഭാഗ ചിന്താധാര പിന്തുടർന്നിരുന്ന ബംഗാൾ, അസം എന്നീ മുൻ പ്രദേശങ്ങൾ ഒഴികെ രാജ്യമെമ്പാടും ഈ ചിന്താധാര പ്രബലമായിരുന്നു,” സോളിസിറ്റർ ജനറൽ പറഞ്ഞു.

ഹിന്ദു നിയമം മനു സ്‌മൃതിയെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന് അവകാശപ്പെടുന്നവർ വസ്‌തുതാപരമായി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഇന്ത്യയുടെ ഭൂരിഭാഗവും ഇന്നും മിതാക്ഷര ചിന്താഗതി പിന്തുടരുന്നു.

“ദയാഭാഗ ചിന്താധാരയിൽ, മരിച്ചുപോയ പൂർവ്വികരുടെ സ്‌മരണക്കായി ‘ പിണ്ഡദാനം ‘-അരി അർപ്പിക്കൽ- നടത്താൻ കഴിയുന്നവർക്ക് മാത്രമേ അനന്തരാവകാശം നൽകാവൂ എന്ന് വ്യവസ്ഥ ചെയ്‌തിരുന്നു. ദയാഭാഗ സ്‌കൂളിൽ നിലനിന്നിരുന്ന വളരെ നിയന്ത്രണാത്മകമായ ഒരു ആചാരമായിരുന്നു ഇത്,” -മേത്ത പറഞ്ഞു.

താരതമ്യപ്പെടുത്തുമ്പോൾ മിതാക്ഷര സ്‌കൂൾ കൂടുതൽ ലിബറലും ചലനാത്മകവുമായിരുന്നു.

“ജന്മം വഴിയുള്ള പാരമ്പര്യമാണ് ഇതിന് കാരണം, ഈ ആശയം ഇപ്പോഴും നിലവിലുണ്ട്. ഒരു ഹിന്ദു കുടുംബത്തിലെ ‘കോപാർസെനർ’ എന്ന ആശയത്തിൽ, ഒരു വ്യക്തിക്ക് ജനനം കൊണ്ട് പൂർവ്വിക സ്വത്തിൽ നിയമപരമായ അവകാശം ലഭിക്കുന്നു,” -മേത്ത പറഞ്ഞു.

ഹിന്ദു മത, നിയമ ഗ്രന്ഥങ്ങളിൽ നൽകുന്ന തുറന്നതും വഴക്കമുള്ളതുമായ വ്യാഖ്യാനം മറ്റൊരു മതഗ്രന്ഥത്തിലും ലഭ്യമല്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

നിയമത്തെ കുറിച്ചുള്ള ആവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഹിന്ദു ഗ്രന്ഥങ്ങൾക്ക് ചലനാത്മകമായ വ്യാഖ്യാനം നൽകാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ആശയങ്ങൾ രൂപപ്പെടുത്തിയ പണ്ഡിതരുടെ ദീർഘവീക്ഷണത്തെ അദ്ദേഹം പ്രശംസിച്ചു.

“നിരോധിത ബന്ധങ്ങളുടെ അളവുകൾ” എന്ന ഒരു സമ്പ്രദായം പുരാതന പണ്ഡിതന്മാർ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മേത്ത പറഞ്ഞു. അതായത് അടുത്ത ബന്ധുക്കളെപ്പോലെ ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്.

“എഡി. 700ൽ, നമ്മുടെ തിരുവെഴുത്തുകളിൽ ഈ നിരോധിത ബന്ധങ്ങളുടെ അളവ് വ്യവസ്ഥ ചെയ്‌തിരുന്നു. പാർലമെന്റ് നിർമ്മിച്ച നിയമങ്ങൾ ഇന്നും അത് പിന്തുടരുന്നു,” -മേത്ത പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷവും ബ്രിട്ടീഷുകാരുടെഇഷ്‌ടാനുസരണം നിർമ്മിച്ച ശിക്ഷാ നിയമം അതേപടി തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“2023ൽ മാത്രമാണ് ഇപ്പോഴത്തെ സർക്കാർ പൗരന്മാർക്കായി ഭാരതീയ ന്യായ് സംഹിത കൊണ്ടുവന്നതും ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ മുൻഗണനകൾക്ക് അനുസരിച്ച് വിഭാഗങ്ങൾ പുനഃക്രമീകരിച്ചതും,” -മേത്ത ഉറപ്പിച്ചു പറഞ്ഞു.

ഐഎം ഹാപ്പിനെസ് സ്ഥാപക ഐശ്വര്യ ജെയിനും റെവ് കമ്മ്യൂണിക്കേഷൻസ് സ്ഥാപക രേവ സിംഗും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.