...
Home News National ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മരണം; അനുശോചിച്ച് പ്രധാനമന്ത്രി, ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മരണം; അനുശോചിച്ച് പ്രധാനമന്ത്രി, ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം

ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നവും സ്വാധീനവുമുള്ള പ്രാദേശിക ശക്തിയായി മാറ്റിയെടുത്തത് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ്

4

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിൻ്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിനെ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയില്‍ തൻ്റെ അവസാന ഖത്തര്‍ സന്ദര്‍ശന വേളയില്‍ കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിച്ചെന്നും മോദി വ്യക്തമാക്കി.

അതേസമയം, ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തില്‍ ആദരസൂചകമായി ഇന്ത്യയില്‍ തിങ്കളാഴ്‌ച ഒരു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

74-ാം വയസിലാണ് ഷെയ്ഖ് ഹമീദ് വിടവാങ്ങിയത്. ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്‌കാരം ജൂലൈ 12 ഞായറാഴ്‌ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ നടക്കും. തുടര്‍ന്ന് ലുസൈല്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

ഒരു സാധാരണ ഗള്‍ഫ് രാജ്യമായിരുന്ന ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നവും സ്വാധീനവുമുള്ള പ്രാദേശിക ശക്തിയായി മാറ്റിയെടുത്തത് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ്. ആധുനിക ഖത്തറിൻ്റെ ശില്‍പ്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1995 മുതല്‍ 2013ല്‍ തൻ്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ഭരണം കൈമാറുന്നത് വരെ അദ്ദേഹമാണ് ഖത്തറിനെ നയിച്ചത്.

ഷെയ്ഖ് ഹമദിൻ്റെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ ആഗോള ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. ലോകപ്രശസ്‌ത വാർത്താ ശൃംഖലയായ ‘അൽ ജസീറ’ ടെലിവിഷൻ ആരംഭിച്ചതും മിഡിൽ ഈസ്റ്റിൽ ആദ്യമായി എത്തിയ 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഖത്തർ വേദിയാകാൻ യോഗ്യത നേടിയതും അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണത്തോടെയുള്ള ഭരണ മികവിലാണ്.

കൂടാതെ 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ്, ഫലസ്തീൻ ഐക്യത്തിനായുള്ള ദോഹ കരാർ, ഫതഹ്- ഹമാസ് ദോഹ കരാർ തുടങ്ങിയ നിരവധി ചരിത്രപ്രധാനമായ ആഗോള- പ്രാദേശിക നയതന്ത്ര ചർച്ചകൾക്കും സംഭവങ്ങൾക്കും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ഖത്തർ സാക്ഷ്യം വഹിച്ചു. നയതന്ത്രത്തിലും നിക്ഷേപത്തിലും മാധ്യമരംഗത്തും ഖത്തറിനെ ഒരു വൻശക്തിയാക്കി മാറ്റിയ നേതാവാണ് വിടവാങ്ങിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.