മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽവേ പ്രൊപ്പോസലിനെതിരെ കെ- റെയിൽ വിരുദ്ധ സമരസമിതി. പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് സമരസമിതി കൺവീനർ എസ്. രാജീവൻ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. ഇ ശ്രീധരൻ്റെ പ്രൊപ്പോസൽ പഠിക്കാൻ നിയോഗിച്ച വിദഗ്‌ദ സമിതി ഈയാഴ്‌ച സർക്കാരിന് റിപ്പോർട്ട് നൽകും.
കേരളത്തിൽ അതിവേഗ റെയിൽപാത എന്ന ഇ. ശ്രീധരൻ്റെ പ്രൊപ്പോസൽ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകും എന്നാണ് കെ- റെയിൽ വിരുദ്ധ സമരസമിതിയുടെ മുന്നറിയിപ്പ്. നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് ഘടക വിരുദ്ധമാണ് ശ്രീധരൻ്റെ ഇപ്പോഴത്തെ നിലപാടെന്നും സമരസമിതി കുറ്റപ്പെടുത്തി. നിലവിലുള്ള റെയിൽവേയുടെ സിഗ്നൽ സംവിധാനം പരിഷ്‌കരിക്കണം. മൂന്നും നാലും പാതകൾ വികസിപ്പിക്കാനുള്ള സൗകര്യം നിലവിൽ കേരളത്തിൽ ഉണ്ടെന്നും സമരസമിതി.
പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വിദഗ്‌ദസമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്. ഈയാഴ്‌ച വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.


