തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്.
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്‌വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇതിനകം തന്നെ പബ്ബിനകം മുഴുവനായി കത്തിയമരുകയായിരുന്നു. മരിച്ചവരില്‍ 18 പേര്‍ സ്ത്രീകളും ഒമ്പത് പേര്‍ പുരുഷന്മാരുമാണെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍പ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമായിട്ടില്ലെന്ന് തായ്‌ലന്‍ഡ് മാധ്യമമായ തായ്‌റാത് റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിൻ്റെ പിന്‍വശത്തും ടോയ്‌ലറ്റുകളിലും അഭയം തേടിയവരാണ് മരിച്ചവരില്‍ ഏറെയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പബ്ബിലെ സാധനങ്ങള്‍ എല്ലാം തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളിലാണ് തീ അപകടകരമായ രീതിയില്‍ പടര്‍ന്ന് പിടിച്ചതെന്നാണ് പബ്ബില്‍ പെര്‍ഫോം ചെയ്യുകയായിരുന്ന പാട്ടുകാരന്‍ പ്രതികരിച്ചത്. സ്‌ഫോടന ശബ്‌ദങ്ങള്‍ കേട്ടെന്നും പെട്ടെന്ന് തന്നെ തീയും പുകയും നിറഞ്ഞെന്നും അദ്ദേഹം പറയുന്നു.


