പ്രായപൂർത്തിയായ വ്യക്തികൾ ജാതി- മത, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുമ്പോൾ അവരുടെ സ്ക്കൂൾ രേഖകളിൽ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കരുതെന്ന് കേരള മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യം വ്യക്തമാക്കി റവന്യുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനത്തെ എല്ലാ റവന്യു ഉദ്യോഗസ്ഥർക്കുമായി മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
കേരളത്തിലെ പുതിയ സാംസ്ക്കാരിക മുന്നേറ്റത്തിൻ്റെ ഭാഗമായി പുരോഗമന ചിന്താഗതിക്കാരായ പല മാതാപിതാക്കളും മിശ്രവിവാഹിതരും തങ്ങളുടെ കുഞ്ഞുങ്ങളെ സ്ക്കൂളിൽ ചേർക്കുമ്പോൾ ജാതി/ മതം സംബന്ധിച്ച കോളത്തിൽ ഇല്ല എന്ന് രേഖപ്പെടുത്തുന്നതിനാൽ പട്ടികവിഭാഗക്കാരായ കുട്ടികൾക്ക് അർഹമായ സംവരണം നിഷേധിക്കപ്പെടുകയാണെന്ന പരാതിയിലാണ് ഉത്തരവ്. മാതാപിതാക്കൾ സംവരണ ആനുകൂല്യം ലഭിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തിയശേഷം കുട്ടികളുടെ അറിവില്ലായ്‌മ ചൂഷണം ചെയ്‌ത് അവർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എസ്.എസ്.എൽ.സി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയില്ലെങ്കിലും ഒരു വ്യക്തിക്ക് പ്രായപൂർത്തിയായ ശേഷം മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ജാതിയും വിശ്വാസവും അനുസരിച്ച് ജീവിക്കാമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ വ്യക്തി യഥാർത്ഥത്തിൽ പിന്തുടരുന്ന ആചാരങ്ങളും വിശ്വാസങ്ങളും പരിശോധിച്ചും ബന്ധപ്പെട്ട സമുദായം ആ വ്യക്തിയെ തങ്ങളുടെ അംഗമായി അംഗീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയും ആവശ്യമായ അന്വേഷണത്തിന് ശേഷം ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
കൂടാതെ ഒരു വ്യക്തിക്ക് എത്ര തവണ വേണമെങ്കിലും മതം മാറാനും സ്വാതന്ത്ര്യമുണ്ട്. അതനുസരിച്ച് ഔദ്യോഗിക രേഖകളിൽ പേരും മതവും മാറ്റുന്നതിനും ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനും അപേക്ഷിക്കാം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട റവന്യു അധികാരികൾ വ്യക്തി പിന്തുടരുന്ന മതാചാരവും മതവിശ്വാസവും സംബന്ധിച്ച് അന്വേഷണം നടത്തി മതം സംബന്ധിച്ച സാക്ഷ്യപത്രം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ സർട്ടിഫിക്കറ്റിനായി തഹസിൽദാരെയോ വില്ലേജ് ഓഫീസറെയോ സമീപിക്കുമ്പോൾ എസ്എസ്എൽസി ബുക്കിൽ ജാതി/ മത കോളങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുന്നതായി പരാതിക്കാരൻ അറിയിച്ചു.
സർക്കാരിൻ്റെ നിയമപരമായ നിലപാട് സംസ്ഥാനത്തെ എല്ലാ റവന്യു ഉദ്യോഗസ്ഥർക്കും ഉത്തരവോ സർക്കുലറോ ആയി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നിഷേധിക്കാൻ സാധ്യതയുണ്ടെന്ന് കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യത്തിൽ നിലവിലുള്ള നിയമങ്ങളും സർക്കാർ ഉത്തരവുകളും റവന്യു വകുപ്പിൻ്റെ നിയമനിലപാടും കർശനമായി പാലിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. കാരപ്പറമ്പ് സ്വദേശി എ.സി ഫ്രാൻസിസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി.


