...
Home News മെസ്സി മാജിക്: ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ; ഇനി പോരാട്ടം യമാലിൻ്റെ സ്പെയിനിനോട്

മെസ്സി മാജിക്: ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ; ഇനി പോരാട്ടം യമാലിൻ്റെ സ്പെയിനിനോട്

മെസ്സിയുടെ 'ദൈവത്തിൻ്റെ ഇടംകാൽ' വിസ്‍മയം കൊണ്ടാണ് വിജയിച്ചതെന്ന് ആരാധകർ വാഴ്ത്തുന്നു

3

2026 ലോകകപ്പിൻ്റെ ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ പോരാട്ടത്തിലൂടെ അർജന്റീന ഫൈനലിൽ പ്രവേശിച്ചു. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. 84-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ലോകചാമ്പ്യന്മാരുടെ ഈ അവിസം സ്‌മരണീയമായ തിരിച്ചുവരവ്. ലയണൽ മെസ്സിയുടെ മാന്ത്രികമായ രണ്ട് അസിസ്റ്റുകളാണ് മത്സരത്തിൻ്റെ ഗതി മാറ്റിയത്.

മത്സരത്തിൻ്റെ ആദ്യ പകുതി ഇരു ടീമുകളും അതീവ ജാഗ്രതയോടെയാണ് കളിച്ചത്. അർജന്റീന നിരയിൽ മധ്യനിരയിലെ കരുത്തൻ റോഡ്രിഗോ ഡി പോളിനെ ബെഞ്ചിലിരുത്തി ജൂലിയാനോ സിമിയോണിയെ ആണ് പരിശീലകൻ സ്‌കലോണി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ട് നിരയിൽ റീസെ ജെയിംസ്, മോർഗൻ റോജേഴ്‌സ് എന്നിവർ കളത്തിലിറങ്ങി. എന്നാൽ ആദ്യ 30 മിനിറ്റിൽ ഇരുടീമുകൾക്കും പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞില്ല. പരുക്കൻ കളി നിറഞ്ഞ ആദ്യ പകുതിയിൽ ഇംഗ്ലണ്ടിൻ്റെ എലിയറ്റ് ആൻഡേഴ്‌സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസിനും മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയിൽ ഗോൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. 55-ാം മിനിറ്റിൽ ഇംഗ്ലണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തി ആന്തണി ഗോർഡൻ ആദ്യ ഗോൾ നേടി. വലതുവിങ്ങിൽ നിന്ന് മോർഗൻ റോജേഴ്‌സ് നൽകിയ കൃത്യമായ ക്രോസാണ് ഗോളിൽ കലാശിച്ചത്. ഗോൾ വഴങ്ങിയതോടെ അർജന്റീനയുടെ കളിശൈലി മാറി. പ്രതിരോധത്തിലൂന്നി ജയിക്കാമെന്ന ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷേലിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അർജന്റീന നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു.

തിരിച്ചടിക്കാൻ ഉറച്ച് സ്കലോണി നടത്തിയ പകരക്കാരുടെ മാറ്റങ്ങൾ മത്സരത്തിൽ നിർണ്ണായകമായി. നിക്കോ ഗോൺസാലസ്, റോഡ്രിഗോ ഡി പോൾ, ലൗട്ടാറോ മാർട്ടിനസ്, ഗോൺസാലോ മൊണ്ടിയേൽ എന്നിവർ വന്നതോടെ അർജന്റീനയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. 69-ാം മിനിറ്റിൽ മെസ്സിയുടെ ക്രോസിൽ നിന്നുള്ള നിക്കോ ഗോൺസാലസിൻ്റെ ഹെഡർ ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്‌ഫോർഡ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. 76-ാം മിനിറ്റിൽ മാക് അലിസ്റ്ററുടെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങിയതും ഇംഗ്ലണ്ടിന് താൽക്കാലിക ആശ്വാസമായി.

എന്നാൽ 85-ാം മിനിറ്റിൽ മെസ്സി ഒരുക്കിയ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഉതിർത്ത തകർപ്പൻ ലോങ് റേഞ്ചർ ഇംഗ്ലീഷ് വല കുലുക്കിയതോടെ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. സമനില വഴങ്ങിയതോടെ പതറിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ വിജയഗോളെത്തി. മെസ്സിയുടെ മനോഹരമായ ക്രോസിന് തലവെച്ച് ലൗട്ടാരോ മാർട്ടിനസ് അർജന്റീനയെ കലാശപ്പോരിലേക്ക് നയിച്ചു. മെസ്സിയുടെ രണ്ട് അസിസ്റ്റുകൾ ഇംഗ്ലീഷുകാരുടെ ഹൃദയം തകർക്കുന്നതായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിൻ്റെ കൈ’ കൊണ്ട് ഗോൾ നേടിയ ചരിത്രമുള്ള അർജന്റീന, ഇത്തവണ മെസ്സിയുടെ ‘ദൈവത്തിൻ്റെ ഇടംകാൽ’ വിസ്‍മയം കൊണ്ടാണ് വിജയിച്ചതെന്ന് ആരാധകർ വാഴ്ത്തുന്നു. തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീന ഇനി നേരിടുന്നത് ലാമിൻ യമാലും സംഘവും നയിക്കുന്ന സ്പെയിനിനെയാണ്. 39-കാരനായ മെസ്സിയും കൗമാര വിസ്‍മയം യമാലും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കായിക ലോകം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.