...
Home News Kerala വഖഫ് നിയമന വിവാദം: സമസ്‌തയി‍ല്‍ ഭിന്നാഭിപ്രായം; അമുസ്ലിം അംഗങ്ങളെ സര്‍ക്കാരിന് നിയമിക്കാമെന്ന് ഉമര്‍ ഫൈസി മുക്കം

വഖഫ് നിയമന വിവാദം: സമസ്‌തയി‍ല്‍ ഭിന്നാഭിപ്രായം; അമുസ്ലിം അംഗങ്ങളെ സര്‍ക്കാരിന് നിയമിക്കാമെന്ന് ഉമര്‍ ഫൈസി മുക്കം

കേന്ദ്രനിയമ പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ബോര്‍ഡിന് എതിര്‍പ്പില്ലെന്നും വ്യക്തമാക്കി

3

സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി സമസ്‌ത നേതാവ് ഉമര്‍ ഫൈസി മുക്കം രംഗത്ത്. ഒഴിവ് നികത്താന്‍ പൂര്‍ണമായി ബോര്‍ഡ് പിരിച്ചുവിടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. അമുസ്ലിം അംഗങ്ങളെ സര്‍ക്കാരിന് നിയമിക്കാം. കേന്ദ്രനിയമ പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ബോര്‍ഡിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമമായി കഴിഞ്ഞാല്‍ വിയോജിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിനെ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ഉമര്‍ ഫൈസി മുക്കം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിഷയത്തില്‍ സമസ്തയില്‍ വ്യത്യസ്ത അഭിപ്രയങ്ങള്‍ ഉണ്ടെന്നാണ് ഉമര്‍ ഫൈസി മുക്കത്തിൻ്റെ നിലപാട് വ്യക്തമാക്കുന്നത്.

വഖഫ് ബോര്‍ഡിലെ അമുസ്ലിം നിയമനത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. ഒരു മതത്തിൻ്റെ പ്രവര്‍ത്തനത്തില്‍ മറ്റ് മതസ്ഥര്‍ ഇടപെടുന്നത് ശരിയല്ലെന്നും ആ നിലപാടില്‍ അന്നും ഇന്നും മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വഖഫില്‍ പ്രതിപക്ഷ നേതാവ് കളവ് പറയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ നിയമനത്തില്‍ പാലിച്ചില്ല എന്ന കണ്ടെത്തലുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിട്ടുള്ളത്.

അമുസ്ലീങ്ങളെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ ബില്ല് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഏറ്റവും അധികം എതിര്‍ത്തത് മുസ്ലീം ലീഗാണെന്നും ആ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സലാം പറഞ്ഞു.

വിഷയത്തില്‍ സുപ്രീം കോടതിയില്‍ വിശ്വാസം ഉണ്ടെന്നായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് ഹംസ പ്രതികരിച്ചത്. അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയെ ഹൈക്കോടതിയില്‍ ലീഗ് അടക്കം നേരിട്ട് പിന്തുണച്ചെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കുന്നതില്‍ വിലക്കില്ലെന്നും നിയന്ത്രണം മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡ്വക്കേറ്റ് ജനറല്‍ തുറന്ന കോടതിയില്‍ ബിജെപി ഫയല്‍ ചെയ്‌ത പെറ്റീഷന് പിന്തുണ നല്‍കിയെന്നും ആരോപണമുണ്ടായി. എജി ബോര്‍ഡ് പിരിച്ചു വിടണമെന്ന് രോഖാമൂലം മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നാടകം കളിച്ചെന്ന് ആരോപിച്ച അദ്ദേഹം ലീഗ് മുസ്ലിം സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വിമര്‍ശിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.