നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിന് മുത്തൂറ്റ് ഫിനാൻസ് ഉൾപ്പെടെ ആറ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ (എൻബിഎഫ്‌സി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി. വിവിധ റെഗുലേറ്ററി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പിഴ ചുമത്തിയത് നിയന്ത്രണ ലംഘനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, കമ്പനികളുടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകളെയോ നിക്ഷേപങ്ങളെയോ ഈ നടപടി നേരിട്ട് ബാധിക്കില്ലെന്നും ആർബിഐ വ്യക്തമാക്കി.
ഏത് കമ്പനിക്ക് എത്ര പിഴ?
ആർബിഐയുടെ അറിയിപ്പുപ്രകാരം, അവൈൽ ഫിനാൻഷ്യൽ സർവീസസിന് 6.20 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന പിഴ. മുത്തൂറ്റ് ഫിനാൻസിന് 5.80 ലക്ഷം രൂപയും സത്യ മൈക്രോകാപിറ്റലിനും പാൻ ഇമാമി കോസ്മെഡിനും 3.10 ലക്ഷം രൂപ വീതവും പിഴ ചുമത്തി.
അതേസമയം, ധനി ലോൺസ് ആൻഡ് സർവീസസ്, മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് എന്നീ കമ്പനികൾക്ക് 2.70 ലക്ഷം രൂപ വീതമാണ് പിഴ.
മുത്തൂറ്റ് ഫിനാൻസിനെതിരെ കണ്ടെത്തിയത്
ഉപഭോക്തൃ അക്കൗണ്ടുകളിലെ റിസ്ക് കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങളിൽ പോരായ്‌മ കണ്ടെത്തിയതിനെ തുടർന്നാണ് മുത്തൂറ്റ് ഫിനാൻസിനെതിരെ നടപടി സ്വീകരിച്ചത്.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ സമയബന്ധിതമായി തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും ആവശ്യമായ ശക്തമായ നിരീക്ഷണ സംവിധാനം കമ്പനിക്കില്ലായിരുന്നുവെന്നും ആർബിഐ വ്യക്തമാക്കി.
അവൈൽ ഫിനാൻഷ്യൽ സർവീസസിന്റെ വീഴ്‌ച
അവൈൽ ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടർ മറ്റ് രണ്ട് എൻബിഎഫ്‌സികളുടെ ഡയറക്ടറായും പ്രവർത്തിച്ചതാണ് പ്രധാന വീഴ്‌ചയായി ആർബിഐ കണ്ടെത്തിയത്. കൂടാതെ, നിശ്ചിത പരിധി കവിഞ്ഞ് ഒരൊറ്റ ഉപഭോക്താവിനോ ഗ്രൂപ്പിനോ വായ്പ അനുവദിച്ചതും നിയന്ത്രണലംഘനമായി വിലയിരുത്തി.
മറ്റ് കമ്പനികൾക്കെതിരായ കണ്ടെത്തലുകൾ
ഒരേ ഗ്രൂപ്പിലുള്ള കമ്പനികൾക്ക് അനുവദനീയമായ പരിധി ലംഘിച്ച് വായ്‌പ നൽകിയതിനാണ് പാൻ ഇമാമി കോസ്മെഡിനെതിരെ നടപടി.
പുനഃക്രമീകരിച്ച ചില വായ്‌പാ അക്കൗണ്ടുകൾ സമയബന്ധിതമായി നിഷ്‌ക്രിയ ആസ്തികളായി (എൻപിഎ) തരംതിരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് സത്യ മൈക്രോകാപിറ്റലിന് പിഴ ചുമത്തിയത്.
ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല
പിഴ ചുമത്തിയത് കൊണ്ട് കമ്പനികളുടെ സാമ്പത്തിക സ്ഥിരതയെയോ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളെയോ വായ്‌പാ ഇടപാടുകളെയോ ബാധിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കി.
ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും പ്രവർത്തനം നിരന്തരം വിലയിരുത്തുന്ന ആർബിഐ, നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. സാമ്പത്തിക മേഖലയിലെ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം വീഴ്‌ച കൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പായും ഈ നടപടിയെ വിലയിരുത്തുന്നു.


