Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ? നിയമസാധ്യത പരിശോധിച്ച് ന്യൂയോർക്ക് മേയർ | Nalamidam
18 September 2026
Home News International നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ? നിയമസാധ്യത പരിശോധിച്ച് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ? നിയമസാധ്യത പരിശോധിച്ച് ന്യൂയോർക്ക് മേയർ

ന്യൂയോർക്ക് നിയമം അനുവദിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ നടപടികൾ സ്വീകരിക്കൂവെന്നും മംദാനി വ്യക്തമാക്കി

169

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യാനുള്ള നിയമസാധ്യത പരിശോധിക്കുകയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ (യുഎൻജിഎ) പങ്കെടുക്കാൻ നെതന്യാഹു ന്യൂയോർക്കിൽ എത്താനിരിക്കെയാണ് മംദാനിയുടെ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.

ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹുവിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ചൂണ്ടിക്കാട്ടിയാണ് മംദാനിയുടെ പ്രതികരണം. നെതന്യാഹുവിനെ യുദ്ധക്കുറ്റങ്ങൾ നേരിടുന്ന വ്യക്തിയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ നഗരത്തിന്റെ നിയമ ഉപദേഷ്ടാക്കളിൽ നിന്ന് അഭിപ്രായം തേടുകയാണെന്നും ന്യൂയോർക്ക് നിയമം അനുവദിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ നടപടികൾ സ്വീകരിക്കൂവെന്നും മംദാനി വ്യക്തമാക്കി.

മേയർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യണമെന്ന് താൻ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാൻ ന്യൂയോർക്ക് സിറ്റി മേയർക്ക് നിയമപരമായ അധികാരമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മംദാനിയുടെ പ്രസ്താവനക്ക് ഇസ്രായേൽ രൂക്ഷമായി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേൽ സ്ഥിരം പ്രതിനിധി ഡാനി ഡാനോൺ, മേയർ തന്റെ ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ വർധിച്ചുവരുന്ന ജൂതവിരുദ്ധ ആക്രമണങ്ങൾ തടയുന്നതിനുപകരം ഇസ്രായേലിനെ ലക്ഷ്യമാക്കി വിവാദം സൃഷ്ടിക്കാനാണ് മംദാനിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

മംദാനിയുടെ പരാമർശങ്ങൾ നെതന്യാഹുവിന്റെ ന്യൂയോർക്ക് സന്ദർശനത്തെ ബാധിക്കില്ലെന്നും ഡാനോൺ വ്യക്തമാക്കി. നിശ്ചയിച്ച പ്രകാരം നെതന്യാഹു യുഎൻ പൊതുസഭയിൽ പങ്കെടുക്കുകയും ഇസ്രായേലിന്റെ നിലപാട് ലോകസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മംദാനിക്കെതിരെ നേരത്തെയും നെതന്യാഹു വിമർശനം ഉന്നയിച്ചിരുന്നു. മംദാനി ഹമാസിനെ പിന്തുണക്കുന്നുവെന്നും അമേരിക്കയോടുള്ള വിദ്വേഷം പുലർത്തുന്നുവെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നെതന്യാഹുവിന്റെ യുഎൻ സന്ദർശനം അടുത്തിരിക്കെ ഇരുപക്ഷത്തിന്റെയും പരസ്യ പ്രസ്താവനകൾ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്.