ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സഫ്‌ദർജംഗ് ആശുപത്രിയിൽ നിന്ന് തങ്ങൾ തിരഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി തേടി ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഞായറാഴ്ച അടിയന്തര വാദം കേൾക്കുമെന്നാണ് വിവരം.
സഫ്‌ദർജംഗ് ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഭർത്താവിൻ്റെ ആരോഗ്യനില കൂടുതൽ വഷളാകുന്നതിന് മുമ്പ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ആശുപത്രി അധികൃതർ നൽകിയില്ലെന്നും, തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടതെന്നും ഗീതാഞ്ജലി ആരോപിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കാത്തത് സ്വതന്ത്ര മെഡിക്കൽ പരിശോധനയ്ക്ക് തടസമായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വാങ്ചുക്കിൻ്റെ ആരോഗ്യനിലയിൽ കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ഗീതാഞ്ജലി, മെഡിക്കൽ നടപടികൾ പൂർണമായും അവ്യക്തമാണെന്നും ആരോപിച്ചു. പ്രതിഷേധ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ അദ്ദേഹത്തിൻ്റെ സുപ്രധാന ആരോഗ്യ സൂചകങ്ങൾ സ്ഥിരതയിലായിരുന്നുവെന്നും, അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
ജൂലൈ 16ന് വാങ്ചുക്കിൻ്റെ ആരോഗ്യനില നിരീക്ഷിക്കാനും ആവശ്യമായ ചികിത്സ നൽകാനും ഹൈക്കോടതി നൽകിയ നിർദേശത്തെ ദുരുപയോഗം ചെയ്‌താണ് പോലീസ് ശനിയാഴ്‌ച ജന്തർ മന്തറിൽ നിന്ന് അദ്ദേഹത്തെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഈ നടപടി വാങ്ചുക്കിൻ്റെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
സഫ്‌ദർജംഗ് ആശുപത്രിയും സ്വതന്ത്ര ലബോറട്ടറിയും നടത്തിയ പരിശോധനകളിൽ പൊട്ടാസ്യത്തിൻ്റെ അളവിൽ വ്യത്യാസമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ആശുപത്രി പുറത്തുവിട്ട പരിശോധനാ ഫലങ്ങൾ വിശ്വാസ്യത ഇല്ലാത്തതാണെന്നും ഇത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും ഗീതാഞ്ജലി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 20 ദിവസമായി വാങ്ചുക്കിനെ ചികിത്സിച്ച ഡോക്ടർമാർക്കും അദ്ദേഹത്തിൻ്റെ അഭിഭാഷകർക്കും നിയന്ത്രണങ്ങളില്ലാതെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും, സ്വതന്ത്ര മെഡിക്കൽ പരിശോധനയും ചികിത്സയും ഉറപ്പാക്കണമെന്നും, അദ്ദേഹത്തെ സഫ്‌ദർജംഗ് ആശുപത്രിയിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ഇഷ്ടമുള്ള ആശുപത്രിയിലേക്ക് വാങ്ചുക്കിനെ മാറ്റാൻ അധികൃതർ അനുവദിക്കുന്നില്ലെന്നും ആശുപത്രിയിൽ വൻ പോലീസ് സന്നാഹം നിലനിൽക്കുന്നതിനാൽ കുടുംബത്തിൻ്റെ നീക്കങ്ങൾ പോലും നിയന്ത്രിക്കപ്പെടുക ആണെന്നും ഗീതാഞ്ജലി എക്‌സിലൂടെ ആരോപിച്ചു. ഇത് ചികിത്സയല്ല, നിയമവിരുദ്ധമായ തടങ്കലാണെന്നും അവർ പറഞ്ഞു.
നിരാഹാര സമരത്തിൻ്റെ 21-ാം ദിവസമായ ശനിയാഴ്‌ച ഡൽഹി പോലീസ് വാങ്ചുക്കിനെ ജന്തർ മന്തറിൽ നിന്ന് സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂൺ 28 മുതലാണ് അദ്ദേഹം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.


